പിറവം: ഇലഞ്ഞി മറ്റത്തിൽ രാജൻ മാത്യുവിന്റെയും ആലീസിന്റെയും ഇളയമകൻ അക്സൽ രാജിന് യൂട്യൂബിൽ നിന്നുള്ള മാസവരുമാനം മുപ്പതിനായിരത്തിലധികമാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഗ്രാവിറ്റി പ്രൊഡക്ഷൻസ് എന്ന പേരിൽ തുടങ്ങിയ ചാനലിൽ നൂറിലധികം വീഡിയോകൾ സ്വന്തമായി നിർമ്മിച്ച് അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. അമ്പതിനായിരത്തിലധികം സബ്സ്ക്രൈബേർസുള്ള അക്സലിന്റെ വീഡിയോകൾ ദിവസം ഇരുപതിനായിരത്തോളം പേർ കാണുന്നുണ്ട്. വിദേശരാജ്യങ്ങളിലാണ് കൂടുതൽ കാഴ്ചക്കാരുള്ളത്. ഒന്നര കോടിയോളം ആളുകൾ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട വീഡിയോകളിലാണ് ഈ പ്ലസ്ടു വിദ്യാർത്ഥി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഓരോന്നും പൂർണത ഉള്ളതാണ്. ഒരു നെന്മണിയിൽ തുടങ്ങിയാൽ ചോറ് വിളമ്പുന്നതുവരെ നേരിട്ട് കണ്ട് മനസിലാക്കി സ്വന്തമായി വീഡിയോ എടുത്ത് എഡിറ്റ് ചെയ്താണ് അപ്‌ലോഡ് ചെയുന്നത്. വീഡിയോ പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടിവരുമെന്ന് അക്‌സൽ പറയുന്നു. സ്ക്രിപ്ട് തയ്യാറാക്കുന്നതിനും ഇംഗ്ലീഷ് പരിഭാഷയ്ക്കും സഹോദരി ഐശ്വര്യ രാജാണ് സഹായിക്കുന്നത്. സഹോദരൻ അശ്വിൻ രാജ് മജീഷ്യനാണ്. കൃഷി വകുപ്പ് നൽകുന്ന ബെസ്റ്റ് അഗ്രികൾച്ചർ ഇന്നവേറ്റീവ് സ്റ്റുഡന്റ് അവാർഡ് കൂടാതെ നിരവധി പുരസ്കാരങ്ങൾ അക്സലിനെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യമുഴുവൻ സഞ്ചരിച്ച് ഭാരതത്തിന്റെ പൈതൃകം വിളിച്ചോതുന്ന നൂതന വീഡിയോകൾ തയ്യാറാക്കുകയാണ് സ്വപ്നപദ്ധതി.