കൊച്ചി: കൊച്ചിക്ക് കണ്ണീർ നനവായ കനിമൊഴിയുടെ (24) ആത്മഹത്യ ഭർത്താവ് കാർത്തിക്കിന്റെ (34) ക്രൂരമർദ്ദനം സഹിക്കവയ്യാതെ. സംഭവം നടക്കുന്നതിന്റെ രണ്ട് ദിവസം മുമ്പും മർദ്ദനത്തിന് കനിമൊഴി ഇരയായി. സ്ത്രീധനബാക്കിയായ ആറുപവൻകൂടി ആവശ്യപ്പെട്ടായിരുന്നു മർദ്ദനം.

മാനസികമായും തളർന്നതോടെയാണ് തമിഴ്‌നാട് മഥുര വിക്രമംഗലം സ്വദേശിനി കയറിൽ ജീവിതം അവസാനിപ്പിച്ചത്. കനിമൊഴിയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണ്. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടം നടപടികളും പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്‌കാരം രവിപുരം ശ്മശാനത്തിൽ നടത്തി.

തമിഴ്‌നാട് മഥുര വിക്രമംഗലം സ്വദേശിയായ ഭർത്താവ് കാർത്തിനെ കോടതി റിമാൻഡ് ചെയ്തു. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

വ്യാഴാഴ്ചയാണ് എറണാകുളം വാത്തുരുത്തി കോളനിയിൽ താമസിച്ചുവരികയായിരുന്ന കനിമൊഴി (24) ആത്മഹത്യചെയ്തത്. അഞ്ചുവർഷം മുമ്പാണ് കാർത്തികും കനിമൊഴിയും വിവാഹിതരായത്. വിവാഹസമയത്ത് 10 പവൻ സ്വർണാഭരണങ്ങൾ യുവതിയുടെ വീട്ടുകാർ നൽകാമെന്ന് പറഞ്ഞെങ്കിലും നാല് പവനേ നൽകിയുള്ളൂ. മൂന്നുവർഷം മുമ്പ് കനിമൊഴി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവർക്ക് മൂന്നരവയസുള്ള ആൺകുട്ടിയുണ്ട്.