കൊച്ചി : കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ മൂന്നാംഘട്ടം ഇനിയും തുടങ്ങാത്തതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. രണ്ടാം ഘട്ട ജോലികളുടെ ബിൽ തുക നൽകാത്തതു കൊണ്ട് കരാറുകാരൻ ജോലികൾ ഏറ്റെടുക്കുന്നില്ലെന്നാണ് സർക്കാർ വിശദീകരണം നൽകിയത്. ബിൽ പാസാക്കുന്നതിൽ ചീഫ് ടെക്നിക്കൽ എക്സാമിനർ എതിർപ്പു പ്രകടിപ്പിച്ചതിനാലാണ് പണം നൽകാത്തതെന്നും വിശദീകരിച്ചു. തുടർന്ന് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കണമെന്നാവശ്യപ്പെടുന്ന ഹർജികളിൽ ചീഫ് ടെക്നിക്കൽ എക്സാമിനറെയും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കക്ഷി ചേർത്തു. പദ്ധതിയുടെ ഭാഗമായ നിർമ്മാണ പ്രവർത്തനങ്ങളിൽ ആരും എതിർപ്പുകൾ ഉന്നയിക്കാത്ത സാഹചര്യത്തിൽ ചീഫ് ടെക്നിക്കൽ എക്സാമിനർ എന്തിനാണ് എതിർപ്പുന്നയിക്കുന്നതെന്ന് സിംഗിൾബെഞ്ച് ആരാഞ്ഞു. നഗരത്തിലെ വെള്ളക്കെട്ടിനു കാരണമായ മുഖ്യപ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഹൈക്കോടതി വിലയിരുത്തി. തുടർന്ന് അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി.
കായൽപാലം നിർമ്മിക്കാനായി വടുതലയിൽ നിർമ്മിച്ച താത്കാലിക ബണ്ട് പെരിയാറിൽ നിന്ന് കടലിലേക്കുള്ള നീരൊഴുക്ക് തടസപ്പെടുത്തുന്നുണ്ടെന്നും ആലുവയ്ക്കും കൊച്ചി നഗരത്തിനുമിടയിൽ വെള്ളക്കെട്ടിന് ഇൗ ബണ്ട് കാരണമാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതി ഇറിഗേഷൻ വകുപ്പിന്റെ വിശദീകരണം തേടി. ഇതിനായി നടപടിയെടുത്തിട്ടുണ്ടോയെന്നാണ് അറിയിക്കേണ്ടത്. ഹർജി ജൂൺ 30 നു വീണ്ടും പരിഗണിക്കും.
ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ
രണ്ടാംഘട്ട പ്രവൃത്തികളുടെ ബിൽ ജൂലായ് അഞ്ചിന് മുമ്പ് നൽകണം
ഇതിനു ചീഫ് ടെക്നിക്കൽ എക്സാമിനറുടെ അനുമതി നോക്കേണ്ട
സി.ബി.ഐ ക്വാട്ടേഴ്സ് - കമ്മട്ടിപ്പാടം കലുങ്ക് നിർമ്മാണത്തിന് റെയിൽവെ ഒരുമാസത്തിനകം പദ്ധതി സമർപ്പിക്കണം
ഇവിടുത്തെ ചെളി നീക്കാൻ റെയിൽവെയും നഗരസഭയും ഒരുമിച്ച് നടപടിയെടുക്കണം.
പേരണ്ടൂർ കനാലിൽ റിസർവ് ബാങ്ക് - ഭാസ്കരീയം ആഡിറ്റോറിയം വരെയുള്ള ഭാഗത്തെ ചെളി നീക്കണം
പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസ നടപടികൾ ജി.സി.ഡി.എ അറിയിക്കണം.
ഇവർക്കായി നിർമ്മിക്കുന്ന അപ്പാർട്ട്മെന്റുകളുടെ വിവരങ്ങളാണ് അറിയിക്കേണ്ടത്.
കാനകളിലെ ചെളി നീക്കിയതിന്റെ വിവരങ്ങളും അറിയിക്കണം.