കൊച്ചി:' ഗരുഡൻതൂക്കവും പട്ടിയെ പൂട്ടുംപോലുള്ള കൊടിയ മർദ്ദനങ്ങളുടെ' നടുക്കുന്ന ഓർമകളുമായി അടിയന്തരാവസ്ഥയിലെ സമരഭടന്മാർ ഒത്തുചേർന്നു. എറണാകുളം ബി ജെ പി ഓഫീസിൽ നടന്ന ചടങ്ങ് കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനംചെയ്തു. സമരഭടന്മാരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ തുടങ്ങിയവർ ആദരിച്ചു.
ഇത്തരം പരിപാടികളിലൂടെ ഈ പോരാട്ടങ്ങളുടെ അനുഭവങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കാൻ കഴിയുമെന്ന് ആർ.എസ്.എസ് പെരുമ്പാവൂർ താലൂക്ക് സംഘചാലക് രാജശേഖര പണിക്കർ പറഞ്ഞു.
ഡി.ഐ.ആറും മിസയും ചാർജുചെയ്ത് കൊടുംമർദ്ദനവും നടത്തി 17 മാസം വിയ്യൂർ ജയിലിലടച്ചത് പറവൂരിലെ ദിവാകരൻ പിള്ള സ്മരിച്ചു. അടിയന്തരാവസ്ഥ പിൻവലിച്ച ശേഷം ജയിലിലടക്കമുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ സി.പി.എം ഓഫീസിലെ യോഗത്തിൽ പങ്കെടുത്ത കാര്യവും പിള്ള ചൂണ്ടിക്കാട്ടി.
തൃപ്പൂണിത്തുറയിലെ 12 അംഗ ബാച്ചിനൊപ്പം സത്യഗ്രഹത്തിൽ പങ്കെടുത്തതിന് ചൂരൽകൊണ്ടും ലാത്തികൊണ്ടുമുള്ള കൊടിയ മർദ്ദനത്തിന്റെ തിക്തഫലം ഇപ്പോഴും അനുഭവിക്കുകയാണെന്ന് പുരുഷോത്തമൻ പറഞ്ഞു. അടിയന്തരാവസ്ഥക്കെതിരെ അങ്കമാലിയിൽ നടന്ന സമരത്തിൽ പങ്കെടുത്തപ്പോൾ കാഴ്ചപോലും നഷ്ടമാകുന്ന കൊടുംമർദ്ദനത്തെക്കുറിച്ചാണ് വിജയരാഘവൻ വിവരിച്ചത്.
എം.കെ. സദാശിവൻ, എം.എ. ബ്രഹ്മരാജ്, അഡ്വ.കെ.എസ്. ഷൈജു, എൻ.പി. ശങ്കരൻകുട്ടി, എസ്. സജി, സി.ജി. രാജഗോപാൽ, അഡ്വ. പ്രിയ, കെ.എസ്. രാജേഷ് എന്നിവർ പങ്കെടുത്തു.