കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ പാറമടയിലുണ്ടായ അപകടത്തെതുടർന്ന് മരണമടഞ്ഞ
വടാട്ടുപാറ സ്വദേശിയായ കുംബയ്ക്കൽ ബിജുവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് കുളങ്ങാട്ടുകുഴി അങ്കണവാടിയിൽ സർവകക്ഷി യോഗം ചേർന്നു. പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അദ്ധ്യക്ഷയായി. വാർഡ് മെമ്പർ ജിൻസ് മാത്യു , എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എസ്.എം അലിയാർ , സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.എം മുഹമ്മദലി, കോൺഗ്രസ് പിണ്ടിമന മണ്ഡലം പ്രസിഡന്റ് നോബിൾ ജോസഫ് ,സി.പി.എം ലോക്കൽ സെക്രട്ടറി ബിജു പി നായർ , സി പി എം വടാട്ടുപാറ ലോക്കൽ സെക്രട്ടറി പി കെ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.സ്വന്തമായി വീടില്ലാത്ത ബിജുവിന്റെ കുടുംബത്തിന് കമ്പനി അഞ്ച് സെന്റ് സ്ഥലവും വീടും നിർമിച്ചു നൽകും. മക്കളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും അഞ്ച് ലക്ഷം രൂപ വീതം രണ്ടു കുട്ടികളുടെ പേരിൽ സ്ഥിര നിക്ഷേപം നടത്തും. കൂടാതെ കാൻസർ രോഗിയായ ഭാര്യ ഷൈനിയുടെ ചികിത്സയ്ക്കും വാർദ്ധക്യസഹജമായ അസുഖം ബാധിച്ച് കഴിയുന്ന അമ്മയുടെ ചികിത്സയ്ക്കും ഭക്ഷണത്തിനും പ്രതിമാസം 10,000 രൂപ വീതം കമ്പനി നൽകും. കുടുംബത്തിന് സർക്കാർ സഹായം ആന്റണി ജോൺ എം.എൽ.എ വഴി വാങ്ങി നൽകാനും യോഗം തീരുമാനിച്ചു .