കിഴക്കമ്പലം: തെരുവോരങ്ങളിൽ ആശ്വാസകിരണവുമായി വിദ്യാർത്ഥി കൂട്ടായ്മ. അറക്കപ്പടി ജയ്ഭാരത് കോളേജിലെ സോഷ്യൽ വർക്കർ വിദ്യാർത്ഥികളാണ് കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി തെരുവിലേക്കിറങ്ങിയത്. ആരും തിരിഞ്ഞ് നോക്കാൻ ഇല്ലാത്ത കിടന്ന ഈ വിഭാഗത്തിന് ഇവരുടെ പ്രവർത്തനം കൊണ്ട് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. മാസ്ക്കും, സാനിറ്റൈസറുമുൾപ്പടെ ഒന്നിലധികം പ്രാവശ്യം ഉപയോഗിക്കാവുന്ന കിറ്റാക്കിയാണ് ഇവർക്കു നൽകുന്നത്. മാസ്ക്ക് ഇവരിൽ പലരും ഉപയോഗിക്കുമെങ്കിലും സാനിറ്റൈസർ വാങ്ങുന്നതിനുള്ള സാമ്പത്തികബുദ്ധിമുട്ട് ഇവരെ അലട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് തെരുവിന്റെ മക്കൾക്ക് വിദ്യാർത്ഥികളുടെ കൈത്താങ്ങെത്തിയത്.
ഇതു കൂടാതെ അഗതി മന്ദിരങ്ങളിലേയും വൃദ്ധസദനത്തിലേയും അന്തേവാസികൾക്കും ആദിവാസി സമൂഹങ്ങൾക്കും പ്രത്യേക പരിഗണന അർഹിക്കുന്നവരേയും കണ്ടെത്തി സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. വിവിധ നിർമ്മാണ കമ്പനികളുമായി സഹകരിച്ചാണ് സൗജന്യ വിതരണത്തിനായി ഇവ കണ്ടെത്തുന്നത്. ഇവയുടെ ഉപയോഗവും ഇവരിൽ പലർക്കുമറിയില്ല. ഉപയോഗിക്കുന്ന രീതിയും പഠിപ്പിച്ചാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രവർത്തനങ്ങൾ മുന്നേറുന്നത്. ഭിക്ഷാടകരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും കാമ്പയിൻ തുടങ്ങിയത്. പിന്നീടാണ് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളെ കേന്ദ്രീകരിച്ച് ആരോഗ്യപ്രവർത്തകരുമായി ചേർന്ന് മാസങ്ങളായി വിദ്യാർത്ഥികൾ കൊവിഡ് രോഗികളുടെ കുടുംബാംഗങ്ങൾക്കുവേണ്ടി ടെലികൗൺസലിംഗ് പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. വിവിധ പഞ്ചായത്തുകളിലെ കൊവിഡ് പരിശോധന സെന്ററുകളിലും വാക്‌സിനേഷൻ സെന്ററുകളിലും ഗവൺമെന്റ് ഡിസ്‌പെൻസറിയുമായി ചേർന്ന് വീടുകളിൽ നടക്കുന്ന മരുന്നു വിതരണങ്ങളിലും വിദ്യാർത്ഥികൾ അവരുടെ സജീവ സാന്നിദ്ധ്യം ഉറപ്പുവരുത്തി. കോളേജ് ചെയർമാൻ എ.എം.കരീം, പ്രിൻസിപ്പൽ ഡോ.കെ.എ. മാത്യു, സോഷ്യൽവർക്ക് ഡിപ്പാർട്ട്‌മെന്റ് മേധാവി പ്രൊഫ.ദീപ്തി രാജും അദ്ധ്യാപകരും വിദ്യാർത്ഥികൾക്ക് മാർഗ്ഗ നിർദ്ദേശം നൽകി മുന്നിലുണ്ട്.