കൊച്ചി: കൊച്ചി കോർപ്പറേഷനിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയിട്ട് ആറു മാസം പൂർത്തിയായി. ആറു മാസത്തിനുള്ളിൽ ഇ ഗവേണൻസ് നടപ്പാക്കുമെന്നതായിരുന്നു എൽ.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനം. കഴിഞ്ഞ ഫെബ്രുവരി 20ന് അവതരിപ്പിച്ച ബഡ്ജറ്റിൽ ഇതിനായി രണ്ടു കോടിയും വകയിരുത്തി. പക്ഷേ പദ്ധതി ഒരടി മുന്നോട്ടു പോയിട്ടില്ല. സംസ്ഥാനത്ത് ഓൺലൈനായി നികുതി അടയ്ക്കാൻ കഴിയാത്ത ഏക കോർപ്പറേഷനാണ് കൊച്ചി. ഓൺലൈനിൽ എന്തും കിട്ടുന്ന കാലമാണ് ഇത്. ചെറിയ കടകളിൽ പോലും ഇ– പേയ്‌മെന്റ് ഉണ്ട്. എന്നാൽ കോർപ്പറേഷന്റെ നികുതി പിരിവ് ഇപ്പോഴും പഴയപടി തുടരുന്നു.
ഇ- ഗവേണൻസ് നാൾവഴികൾ
കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി 2005 -2006 ൽ തുടക്കം
ആദ്യ ചുമതല ഇൻഫമേഷൻ കേരള മിഷന് ( ഐ.കെ.എം )
ഐ.കെ.എം പാതിവഴിയിൽ പിൻമാറി
2011ൽ വിപ്രോയെ കൺസൾട്ടന്റായി നിയോഗിച്ചു
വിപ്രോ ടി.സി.എസിനെ ചുമതല ഏല്പിച്ചു
പല തവണ കാലാവധി നീട്ടികൊടുത്തിട്ടും പദ്ധതി പൂർത്തിയാക്കാൻ ടി.സി.എസിന് കഴിഞ്ഞില്ല
കരാർ തുക 8.1 കോടി
ടി.സി.എസിന് നൽകിയത് 4.94 കോടി
ബാക്കി പണം കൈമാറാത്തതിൽ പ്രതിഷേധിച്ച് ടി.സി.എസ് 2019 ഫെബ്രുവരിയിൽ കോർപ്പറേഷൻ വിട്ടതോടെ പദ്ധതി കട്ടപ്പുക
ഇടങ്കോലിട്ട് കൊവിഡ്
മറ്റു കോർപ്പറേഷനുകളിലെല്ലാം ഐ.കെ.എം ആണ് ഓൺലൈൻ സേവനങ്ങൾ നടപ്പാക്കുന്നത്. ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള ചില മൊഡ്യൂളുകൾ മാത്രമാണ് ടി.സി.എസ് തയാറാക്കിയത്. നികുതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓൺലൈനായില്ല. സുരക്ഷ സർട്ടിഫിക്കറ്റ് പോലുമില്ലാത്ത ഒരു വെബ്‌സൈറ്റ് ആണ് ഇപ്പോഴുള്ളത്. പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം ഇ ഗവേണൻസ് പദ്ധതി ഐ.കെ.എമ്മിനു കൈമാറാൻ കൗൺസിൽ യോഗം തീരുമാനിച്ചുവെങ്കിലും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. നികുതി ഓൺലൈനായി പിരിക്കണമെങ്കിൽ ഇതു സംബന്ധിച്ച മുഴുവൻ റവന്യു രേഖകളും കമ്പ്യൂട്ടറിലാക്കണം. ഇതുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ സൊസൈറ്റിയുമായി ചർച്ചകൾ നടന്നെങ്കിലും യു.ഡി.എഫ് കൗൺസിലർമാരുടെ എതിർപ്പിനെ തുടർന്നു ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചു. അതിനിടെ കൊവിഡ് രണ്ടാം തരംഗവും ലോക്ഡൗണും വന്നതിനാൽ ടെൻഡർ നടപടികൾ ആരംഭിക്കാൻ കഴിഞ്ഞില്ല. ജിയോ മാപ്പിംഗ് ഉൾപ്പെടെ നടത്തി റവന്യു ഡാറ്റ മുഴുവൻ കമ്പ്യൂട്ടർവൽക്കരിക്കണമെങ്കിൽ കാലം കുറച്ചെടുക്കും. അതൊക്കെ കഴിഞ്ഞു മാത്രമേ ഓൺലൈൻ നികുതി അടയ്ക്കൽ നടക്കുകയുള്ളു .
ആദ്യ പരിഗണന
'സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചു എത്രയും വേഗം പദ്ധതി നടപ്പാക്കും. ഇക്കാര്യത്തിൽ മന്ത്രി എം.വി. ഗോവിന്ദനുമായുൾപ്പെടെ ചർച്ചകൾ നടത്തിയിട്ടുണ്ട്. ലോക്ക് ഡൗണിനു ശേഷം ഇ ഗവേണൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആദ്യ പരിഗണന നൽകും.
അഡ്വ.എം. അനിൽകുമാർ,
മേയർ