പിറവം: സംസ്ഥാനത്താകെ 27 കോടതികൾ സ്ഥിരം കോടതികൾ ആക്കുന്നതിന്റെ ഭാഗമായി പിറവം കോടതി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുവാൻ പ്രാരംഭ നടപടികൾ പൂർത്തിയായി. പിറവത്തെ കോടതി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ സിവിൽ സ്റ്റേഷനിലേക്ക് മാറ്റണമെന്ന് മുൻസിപ്പാലിറ്റി മന്ത്രിയെ അറിയിച്ചിരുന്നു. തുടർ നടപടിയുടെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ കോടതി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ. പി സലിം, കൗൺസിലർമാർ എന്നിവരുടെ സാന്നിധ്യത്തിൽ വിശദമായ ചർച്ച ചെയ്തു. കോടതി മിനി സിവിൽസ്റ്റേഷൻ സമുച്ചയത്തിലേക്ക് ഏതാനും ദിവസങ്ങൾക്കകം മാറ്റുമെന്ന് ചെയർ പേർസൺ പറഞ്ഞു.