തൃക്കാക്കര: നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ വാങ്ങാൻ എം.എൽ.എമാരുടെ ഫണ്ടിൽ നിന്നും തുക അനുവദിക്കണമെന്ന് കെ.എൽ.സി.എ വരാപ്പുഴ അതിരൂപതാ സമിതി ആവശ്യപ്പെട്ടു. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും മതിയായ മൊബൈൽ ഫോണുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ലഭിക്കാതെ വിഷമിക്കുന്ന കുട്ടികൾ ഇപ്പോഴുമുണ്ട്. സന്നദ്ധസംഘടനകളുടെയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി പലയിടത്തും സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. എന്നാൽ കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് പലയിടത്തും ഇത്തരം പ്രവർത്തനങ്ങൾ പ്രായോഗികമാകുന്നില്ല. പഠനോപകരണങ്ങൾ അർഹരായവർക്ക് ലഭ്യമാക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും പണം ലഭ്യമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയാൽ ഈ നടപടികൾ വേഗത്തിലാകും. ഇക്കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കെഎൽസിഎ കത്തെഴുതിയതായി അതിരൂപതാ പ്രസിഡന്റ് സി.ജെ.പോൾ പറഞ്ഞു. ഓൺലൈനിലൂടെ ചേർന്ന അതിരൂപത എക്സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി.ജെ.തോമസ്, അതിരൂപതാ ജനറൽ സെക്രട്ടറി ലൂയീസ് തണ്ണിക്കോട്ട്, ഭാരവാഹികളായ റോയ് ഡിക്കൂഞ്ഞ, റോയ് പാളയത്തിൽ, മോളി ചാർളി, ബാബു ആന്റണി, സെബാസ്റ്റിൻ വി.ജി, സോണി സോസ,സിബി ജോയ്, പൗലോസ് എൻ.ജെ, അഡ്വ.ജിജോ കെ.എസ്, എന്നിവർ പങ്കെടുത്തു.