aisha-sultana

കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് കേസെടുത്ത സംവി​ധായി​ക അയിഷ സുൽത്താന ലക്ഷദ്വീപിൽ ചോദ്യം ചെയ്യലിന് വിധേയയായ ശേഷം കൊച്ചിയിൽ മടങ്ങിയെത്തി. ഇന്നലെ രാവിലെ 11ന് കവരത്തിയിൽ നിന്ന് ഹെലികോപ്റ്ററി​ൽ അഗത്തിയിലെത്തി​, ഉച്ചയ്ക്ക് 2ന് വിമാന മാർഗം കൊച്ചിയിലേക്ക് പുറപ്പെട്ടെങ്കിലും കനത്തമഴ മൂലം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ട ഫ്ളൈറ്റ് 5.45നാണ് നെടുമ്പാശേരിയിൽ ഇറങ്ങിയത്.

കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മാവനെ കാണാൻ വേണ്ടി​യാണ് ലക്ഷദ്വീപ് സ്വദേശി​നി​യും കൊച്ചി​യി​ൽ താമസക്കാരി​യുമായ അയി​ഷയ്ക്ക് പൊലീസ് യാത്രാനുമതി​ നൽകി​യത്.

വെള്ളിയാഴ്ച സ്റ്റേഷനിൽ വിളിച്ചു വരുത്തി അയിഷയുടെ ഫോൺ കവരത്തി​ പൊലീസ് കസ്റ്റഡി​യി​ലെടുത്തി​രുന്നു. കഴിഞ്ഞ 19ന് കവരത്തിയിൽ എത്തിയ ഇവർക്കെതി​രെ ക്വാറന്റൈൻ ലംഘനത്തിനും കേസെടുത്തി​ട്ടുണ്ട്. മൂന്നുവട്ടം ചോദ്യം ചെയ്യലി​ന് വി​ധേയയായി​. ചോദ്യം ചെയ്യൽ ഇനി​യുമുണ്ടാകുമെന്ന് പൊലീസ് സൂചി​പ്പി​ച്ചി​ട്ടുണ്ട്. അയിഷയുടെ ബന്ധുക്കൾ,സുഹൃത്തുക്കൾ എന്നിവരെയും ചോദ്യം ചെയ്യും.

എത്തിയത് അറസ്റ്റ് പ്രതീക്ഷിച്ച്

അറസ്റ്റ് പ്രതീക്ഷിച്ചാണ് കവരത്തിയിൽ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേറ്ററെ ഭയക്കുന്നതായി തോന്നിയിട്ടുണ്ട്. ഈ നടപടികൾ അജണ്ടയുടെ ഭാഗമാണ്. ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചിരുന്നു. കൊച്ചിക്ക് മടങ്ങാൻ പറഞ്ഞ ശേഷം ഫോൺ പിടിച്ചെടുത്തത് എന്തിനാണെന്ന് അറിയില്ല. ഇതിനെ ചോദ്യം ചെയ്യില്ല. കൊവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചെന്ന് പറഞ്ഞത് നുണയാണ്.

അയിഷ സുൽത്താന