fg

കൊച്ചി: മുൻ കെ.പി.സി.സി അംഗവും കൊച്ചി കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവുമായ എ.ബി. സാബു കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നു. കോൺഗ്രസിൽ തുടർന്നുകൊണ്ട് പൊതുപ്രവർത്തനം നടത്താൻ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് 50 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റു കിട്ടാത്തതുകൊണ്ടല്ല രാജി. 86 മുതലുള്ള തിരഞ്ഞെടുപ്പു കാലത്തൊക്കെ തന്റെ പേര് പരിഗണിക്കാറുണ്ട്. ഗ്രൂപ്പ് പങ്കിടലിൽ അവഗണിക്കപ്പെടുകയാണ് പതിവെന്നും സാബു പറഞ്ഞു.

 കെ.എസ്.യുവിൽ തുടക്കം; വിവാദങ്ങൾക്ക് അതീതൻ

കെ.എസ്‌.യുവിലൂടെ പൊതുരംഗത്തെത്തിയ സാബു കൊച്ചിയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിലൊരാളാണ്. എ ഗ്രൂപ്പി​നൊപ്പമാണ് നി​ന്നതെങ്കി​ലും ഗ്രൂപ്പുകളി​യി​ലൊന്നും ഭാഗമായി​ല്ല. ആരോപണങ്ങളി​ലോ വി​വാദങ്ങളി​ലോ ഉൾപ്പെടാത്ത പൊതുപ്രവർത്തനം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി അംഗം, ഐ.എൻ.ടി.യു.സി സംസ്ഥാന സമിതിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. 37 വർഷമായി മിൽമയിലെ ഐ.എൻ.ടി.യു.സി യൂണിയൻ സെക്രട്ടറിയാണ്. കൂടാതെ പത്തോളം ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയും. മൂന്നുവട്ടം കൊച്ചി കോർപ്പറേഷൻ കൗൺസിലറായി. കൊച്ചി​ മേയർ സ്ഥാനം ലഭി​ക്കാതി​രി​ക്കാൻ 2010ൽ സാബുവി​നെ പാർട്ടി​ നേതാക്കൾ മുൻകൈയെടുത്ത് തോൽപ്പി​ച്ചതായും ആരോപണമുണ്ടായി​രുന്നു. കഴി​ഞ്ഞ തവണയും ഇക്കുറി​യും തൃപ്പൂണി​ത്തുറ മണ്ഡലത്തി​ൽ സ്ഥാനാർത്ഥി​യാകാൻ ശ്രമി​ച്ചെങ്കി​ലും സീറ്റ് ലഭി​ച്ചി​ല്ല. തുടർന്ന് ഇത്തവണ കെ.ബാബുവി​നെതി​രെ പരസ്യവി​മർശനവും ഉന്നയി​ച്ചു. തി​രഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ പങ്കെടുത്തി​രുന്നുമില്ല.

 കോൺഗ്രസിൽ ഗ്രൂപ്പിന്റെ പേരിലുള്ള കച്ചവടവും വീതംവയ്പ്പും മാത്രമാണ്. നേതൃമാറ്റംകൊണ്ട് അതൊന്നും ഇല്ലാതാകി​ല്ല. സംഘടനാ ദൗർബല്യവും അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിൽ അധിഷ്ഠിതമായ നയവും നിലപാടുകളുമാണ് നിയമസഭാ തി​രഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം. നേതൃത്വം കാലാനുസൃതമായി മാറാനോ വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്താനോ ശ്രമിക്കുന്നില്ല. മഹാദുരിതങ്ങളുടെ കാലത്ത് കൈത്താങ്ങായി നിന്നവരി​ൽ ജനതയർപ്പിച്ച വിശ്വാസമാണ് ഭരണത്തുടർച്ചയ്ക്ക് കാരണമായത്.

- എ.ബി.സാബു

കെ.ബാബു വിജയിച്ചത് ബി.ജെ.പി വോട്ടിൽ: എ.ബി.സാബു

കൊച്ചി:കളമശേരിയിൽ വി.കെ. ഇബ്രാഹിംകുഞ്ഞിനെ മാറ്റിനിറുത്താൻ മുസ്ലിം ലീഗ് കാണിച്ച ധൈര്യം പോലും കെ .ബാബുവിന്റെ കാര്യത്തിൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസ് കാണിച്ചില്ലെന്ന് എ .ബി. സാബു കുറ്റപ്പെടുത്തി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പുകളുടെ വീതംവയ്പും കച്ചവടവും നടന്നതിനാലാണ് കെ .ബാബുവിനെ പോലെയുള്ള ആരോപണ വിധേയരെ ഒഴിവാക്കാൻ കോൺഗ്രസിന് കഴിയാതിരുന്നത്. ബി.ജെ.പി വോട്ട് വാങ്ങിയും ബാർ കോഴ ആരോപണത്തിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുമാണ് ബാബു വിജയിച്ചത്.ബി.ജെ.പി വോട്ടുകൾ തനിക്ക് കിട്ടുമെന്ന് തിരഞ്ഞെടുപ്പ് മുമ്പെ ബാബു അവകാശപ്പെട്ടിരുന്നു. വോട്ടുകൾ ചോർന്നുവെന്ന് ബി.ജെ.പി സ്ഥാനാർത്ഥി പരാതിപ്പെട്ട കാര്യവും സാബു ഓർമ്മിപ്പിച്ചു. .

 സാബുവിന് ഉജ്വല സ്വീകരണം

സി.പി.എമ്മിൽ ചേർന്ന എ .ബി .സാബുവിനെ രക്തഹാരമണിയിച്ച് പ്രവർത്തകർ വരവേറ്റു. ജില്ലാ കമ്മിറ്റിയംഗം സി .എൻ. സുന്ദരൻ, ഏരിയാ സെക്രട്ടറിമാരായ അഡ്വ. കെ.ഡി .വിൻസന്റ്, പി വാസുദേവൻ, പി.എൻ. സീനുലാൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ജി ഉദയകുമാർ തുടങ്ങിയവർ ചേർന്ന് മധുരം പങ്കിട്ടും ഷാളണിയിച്ചും സാബുവിനെ സ്വീകരിച്ചു.