മൂവാറ്റുപുഴ: ഏകാഗ്രതയും അർപ്പണ മനോഭാവവും ഏറെ ആവശ്യപ്പെടുന്ന ലെയേർഡ് പേപ്പർ കട്ടിംഗ് ആർട്ടിലൂടെ ശ്രദ്ധിക്കപ്പെടുകയാണ് രാഹുൽ പി.ആർ എന്ന കലാകാരൻ. മുവാറ്റുപുഴ വാഴക്കുളം മടക്കത്താനം സ്വദേശിയായ ഈ യുവപ്രതിഭയെ തേടി അടുത്തയിടെ തന്നെ രണ്ടംഗീകാരങ്ങളാണ് എത്തിയിരിക്കുന്നത്. ഇൻഡ്യ ബുക്ക് ഒഫ് റെക്കാഡ്സും ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സും.
നടൻ മോഹൻലാലിന്റെ ഛായാചിത്രമാണ് വ്യത്യസ്ത കടലാസുകളിലായി രാഹുൽ പകർത്തി അംഗീകാരത്തിന് നൽകിയത്.
പ്രത്യേക രീതിയിൽ അടയാളപ്പെടുത്തി മുറിച്ചെടുത്ത ഓരോ കടലാസുകൾ ഒന്നൊന്നായി ചേർത്തുവച്ച് വെളിച്ചത്തിനു നേർക്കു പിടിച്ചാൽ ഉദ്ദേശിച്ചിട്ടുള്ള ചിത്രം വ്യക്തമാക്കുന്ന ലെയേർഡ് പേപ്പർ കട്ടിംഗ് എന്ന കലാരൂപമാണ് രാഹുലിന്റേത്. മമ്മൂട്ടി, ടൊവിനോ, ബിനീഷ്, വിജയ്, കലാഭവൻ മണി, ദുൽഖർ തുടങ്ങിയവരുടെ പേപ്പർ കട്ടിംഗ് പോർട്രെയിറ്റ് ഏഴു ലെയറുകളിൽ രാഹുൽ രൂപപ്പെടുത്തിയിട്ടുണ്ട്. വരയ്ക്കാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ പെൻസിൽ സ്കെച്ച് തയ്യാറാക്കുകയാണ് ആദ്യപടി. പിന്നെ ഓരോ കടലാസുകൾ പ്രത്യേക രീതിയിൽ മുറിച്ചെടുക്കുന്നതാണ് കലാസൃഷ്ടി . ഏറെ സൂക്ഷ്മ ശ്രദ്ധയും സമയദൈർഘ്യവും ആവശ്യമുള്ളതാണ് ഈ കലാരൂപത്തിന്. ഒരു സൃഷ്ടിക്ക് ഏകദേശം 8-10 മണിക്കൂറുകൾ ആവശ്യമുള്ളതായി രാഹുൽ പറഞ്ഞു. രാഹുലിന്റെ കഴിവുകളറിഞ്ഞ് ഡീൻ കുര്യാക്കോസ് എം.പി വീട്ടിലെത്തി ആദരിച്ചിരുന്നു.