ആലുവ: അടിഭാഗം തുരുമ്പെടുത്ത് ദ്വാരം രൂപപ്പെട്ട വൈദ്യുതി പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിക്കുന്നില്ലെന്ന് പരാതി. ആലുവ ടൗൺ സെക്ഷനിൽ വരുന്ന എടയപ്പുറം റോഡിൽ ടൗൺഷിപ്പ് റോഡ് തുടങ്ങുന്ന ഭാഗത്തെ ഇരുമ്പിന്റെ വൈദ്യുതി പോസ്റ്റാണ് അപകടാവസ്ഥയിലുള്ളത്. എടയപ്പുറത്തെ പ്രധാന റോഡിലേക്കും ടൗൺ ഷിപ്പ് റോഡിലേക്കുമുള്ള വൈദ്യുതി ലൈനുകളെല്ലാം ഈ പോസ്റ്റിലൂടെയാണ് കടന്നുപോകുന്നത്. ഒരു വശത്തേക്ക് ചരിഞ്ഞാണ് പോസ്റ്റ് നിൽക്കുന്നത്. ഇതിനിടയിലാണ് ഒരടി ഉയരമുള്ള അടിത്തറ കഴിഞ്ഞുള്ള ഭാഗത്ത് പോസ്റ്റിൽ വലിയ ദ്വാരം രൂപപ്പെട്ടിട്ടുള്ളത്. ജനപ്രതിനിധികളെയും കെ.എസ്.ഇ.ബി അധികാരികളെയും വിവരമറിയിട്ടും പരിഹാരമുണ്ടാവുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.