ta
തങ്കമ്മ വീടിനുമുന്നിൽ

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ തങ്കമ്മ എന്ന കുഞ്ഞുപൊന്നങ്കയ്ക്ക് വെൽ ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ കൈത്താങ്ങ്.തുരുത്തിയിൽ പുഴുക്കാട്ട് പഞ്ചായത്ത് കിണറിന് എതിർവശം താമസിക്കുന്ന ഏകദേശം 80 വയസുള്ള തങ്കമ്മ അഞ്ചുവർഷമായി മലമൂത്രവിസർജ്ജനം നടത്തുന്നത് സ്വന്തം വീട്ടുമുറ്റത്താണ്. ഇതറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള വെൽ ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് തങ്കമ്മയ്ക്ക് ശൗചാലയ സൗകര്യമൊരുക്കി നൽകിയത്.

മൂന്നു സെന്റ് സ്ഥലത്ത് കാലപ്പഴക്കത്തിൽ ജീർണ്ണഅവസ്ഥയിലുള്ള വീട്ടിൽ തങ്കമ്മ ഒറ്റയ്ക്കാണ് താമസം. കുടിവെള്ളത്തിനായി കിണറോ പൈപ്പ് കണക്ഷനോ ഇല്ലാത്ത ഈ വീട്ടിൽ പാത്രവും വസ്ത്രവും മറ്റും കഴിക്കണമെങ്കിൽ അയൽപക്കത്തെ വീട്ടുകാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

പഞ്ചായത്ത് അധികൃതരോടും മറ്റും നിരവധി തവണ ടോയ്ലറ്റ് ആവശ്യപ്പെട്ടിട്ടും യാതൊരു സഹായവും നാളിതുവരെയും ചെയ്തിട്ടില്ല. അയൽവാസികളുടെ കാരുണ്യത്തിൽ മൂന്നുനേരവും ഭക്ഷണം കഴിച്ച് ജീവിതം തള്ളിനീക്കുന്നു. പെൻഷൻ കിട്ടുന്നതുകൊണ്ട് മരുന്നും മറ്റ് അവശ്യവസ്തുക്കളും മറ്റുള്ളവരുടെ ആശ്രയത്താൽ വാങ്ങിക്കഴിക്കുന്നു.

സി.ഡി.എസിന്റെ മീറ്റിങ്ങുകളിൽ തങ്കമ്മയുടെ കാര്യം പറഞ്ഞിരുന്നു. അവർ അത് മുഖവിലയ്ക്കെടുത്തില്ല. പഞ്ചായത്ത് പദ്ധതിയിൽ ആദ്യം തന്നെ ഉൾപ്പെടുത്തി അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി ശ്രമിക്കുന്നുണ്ട്.

അനാമിക ശിവൻ, വാർഡ് മെമ്പർ

വെൽ ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സേവനപ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.മുൻമെമ്പറോ ആരും തന്നെ ഈ വിവരം പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്താത്തതാണ് യാതൊരുവിധ സഹായങ്ങളും നൽകാൻ സാധിക്കാതിരുന്നത്.

പി.പി. അവറാച്ചൻ, മുടക്കുഴ ഗ്രാമപഞ്ചായത്ത്