ആലുവ: കൊവിഡ് വ്യാപനം രൂക്ഷമാക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ മദ്യനയം തിരുത്തണമെന്നും മദ്യശാലകൾ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ മുന്നണി ആലുവ താലൂക്ക് കമ്മിറ്റി ആലുവ മിനി സിവിൽ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച സമര പ്രചാരണ കൂട്ടായ്മ ലഹരി നിർമാർജന സമിതി സംസ്ഥാന ട്രഷറർ എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് രക്ഷാധികാരി ഇമാം ടി.കെ. അബ്ദുൽ സലാം മുഖ്യപ്രഭാഷണം നടത്തി. എ.ജി. അജയൻ അദ്ധ്യക്ഷത വഹിച്ചു. നാസർ മുട്ടത്തിൽ, കെ.പി. സാൽവിൻ, എ. ബ്രഹ്മകുമാർ, എം.കെ. തങ്കപ്പൻ എന്നിവർ സംസാരിച്ചു.