pic
കഴിഞ്ഞ ദിവസം ആന ഇറങ്ങിയ സ്ഥലം വനപാലക്കാരും ജന ജാഗ്രത സമിതിക്കാരും സന്ദർശിക്കുന്നു

കോതമംഗലം: കോതമംഗലം കോട്ടപ്പടി പഞ്ചായത്ത് പരിധിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയോട് ചേർന്നുള്ള വനപ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം രാത്രികാലങ്ങളിൽ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി ചെറിയമ്പനാട്ട് ആന്റുവിന്റെ റബർ തൈകളെല്ലാം ആനക്കൂട്ടം ചവിട്ടിമെതിച്ചു. മഴക്കാലം തുടങ്ങിയതോടെ ആനകൾ എത്തുന്നത് പലപ്പോഴും ജനങ്ങൾ അറിയുന്നില്ല. വനാതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വേലികൾ പലപ്പോഴും പ്രവർത്തനരഹിതമാണ്. ഈ തകരാർ പരിഹരിക്കാനോ പുതിയ ഫെൻസിംഗ് വലിക്കാനോ അധികൃതർ തയ്യാറാവുന്നില്ല. വനപാലകരുടെ രാത്രികാലങ്ങളിലുള്ള പെട്രോളിംഗ് കുറഞ്ഞതും ആനക്കൂട്ടങ്ങൾ ജനവാസമേഖലയിൽ ഇറങ്ങാനുള്ള പ്രധാന കാരണമാണ്. ആനക്കൂട്ടങ്ങൾ നശിപ്പിച്ച കൃഷിയിടങ്ങൾക്കുള്ള നഷ്ടപരിഹാരം വൈകുന്നതും കർഷകരെ ദുരിതത്തിലാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കേണ്ട വനപാലകർ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും രാത്രികാലങ്ങളിൽ പെട്രോളിംഗ് ശക്തമാക്കണം എന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി ആവശ്യപ്പെട്ടു . വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ, സണ്ണി വർഗീസ്, ഫാ. റോബിൻ പടിഞ്ഞാറേകുറ്റ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഉടനടി പ്രദേശത്ത് റെയിൽ ഫെൻസിംഗ്, ആനമതിൽ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കി കൊള്ളാമെന്ന് വനംവകുപ്പ് അധികൃതർ ഉറപ്പു നൽകി. ഒപ്പം കർഷകർക്കുള്ള നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് വനപാലകർ ഉറപ്പുനൽകി.