1
ജോസഫും വിളമക്കും കൂടെ ഉളിച്ചിറ ഇടവക വികാരി ഫാ. വിൻസൻ്റ്, കൗൺസിലർ അജുന ഹാഷിം, തണൽ കോഡിനേറ്റർ കെ. എ നൗഷാദ്, ജോയിൻ്റ് സെക്രട്ടറി ഒ. കെ സഹീൽ തുടങ്ങിയർ

തൃക്കാക്കര: കാക്കനാട് ബി.എം നഗറിലെ വാടക വീട്ടിലെ ദുരിതത്തിൽ നിന്നും ജോസഫും വിളമയും ഇനി വയനാട്ടിലെ പീസ് വില്ലേജിലേക്ക്. മട്ടാഞ്ചേരിയിലെ മാളിയേക്കൽ വീട്ടിൽ തൊമ്മൻ ജോസഫ്- ത്രേസ്യാമ്മ ദമ്പതികൾക്ക് നാല് മക്കളായിരുന്നു. ഒരു ആണും മൂന്ന് പെണ്ണും. രണ്ട് പെൺമക്കൾ വിവാഹം കഴിഞ്ഞ് പോയി. ജന്മനാ ചില പ്രയാസങ്ങൾ ഉണ്ടായിരുന്ന ഒരു മകനും മകളും വിവാഹം ചെയ്യാതെ ബാക്കിയായി. മക്കളുടെ വിവാഹത്തിനു വേണ്ടി, വീടും സ്ഥലവും വിൽക്കേണ്ടി വന്നതോടെ കുടുംബം വാടക വീട്ടിൽ താമസമാരംഭിച്ചു. തൊമ്മനും ത്രേസ്യാമ്മയും മരണപ്പെട്ടതോടെ ജോസഫും വിളമയും മാത്രമായി. വിവാഹം ചെയ്തയച്ച മൂത്ത സഹോദരിയും മരിച്ചു. ജോസഫും വിളമയും ഇടയ്ക്ക് ഇളയ സഹോദരിയോടൊപ്പം കുറച്ചു കാലം താമസിച്ചെങ്കിലും, അവർക്ക് കുട്ടികളായതോടെ അവിടെനിന്ന് മാറി. തുടർന്നാണ് ഇരുവരും ഇടപ്പള്ളി ബി. എം നഗറിലെ വാടക വീട്ടിൽ താമസമാരംഭിച്ചത്. ഇളയ സഹോദരി ജീവിച്ചിരിക്കെ കുടുംബ ബന്ധം നിലനിന്നിരുന്നെങ്കിലും, അവരുടെ മരണത്തോടെ അതുംനിലച്ചു.

ഇടപ്പള്ളിയിൽ വീട്ടുജോലികൾ ചെയ്താണ് ജോസഫും വിളമയും ജീവിച്ചത്. നീണ്ട 40 വർഷങ്ങളാണ് ഇരുവരും ഇങ്ങനെ കഴിഞ്ഞത്. പ്രദേശത്തെ വീടുകളിൽ ജോലി ചെയ്ത് ഭക്ഷണത്തിനും മരുന്നിനും വാടകയ്ക്കുമുള്ള വഴി കണ്ടെത്തി. അതുകൊണ്ടു തന്നെ പ്രദേശത്തുകാർക്കും ഇവർ പ്രിയപ്പെട്ടവരായി. ഇപ്പോൾ,​ ജോസഫിനും വിളമയ്ക്കും ഏകദേശം 70 വയസായി. വാർദ്ധക്യവും രോഗങ്ങളും ഇരുവരുടെയും ജീവിതത്തിൽ ഇരുൾ വീഴ്ത്തിത്തുടങ്ങി. ഈയവസ്ഥയിലാണ് ഇരുവരുടെയും ജീവിതത്തിൽ വെളിച്ചമായി പീസ് വില്ലേജ് കടന്നു ചെല്ലുന്നത്. തൃക്കാക്കര നഗരസഭാ കൗൺസിലർ അജുന ഹാഷിമിന്റെ ഇടപെടലാണ് ഇവർക്ക് സഹായമായത്.


പീസ് വില്ലേജ് പി.ആർ.ഒ ബഷീർ ശിവപുരത്തിന്റെ നേതൃത്വത്തിൽ ഇടപ്പള്ളിയിൽ നേരിട്ടെത്തിയാണ് ഇരുവരെയും ഏറ്റെടുത്തത്. ഉളിച്ചിറ ഇടവക വികാരി ഫാ. വിൻസന്റ്,​ കൗൺസിലർ അജുന ഹാഷിം, തണൽ കോർഡിനേറ്റർ കെ. എ നൗഷാദ്, ജോയിന്റ് സെക്രട്ടറി ഒ. കെ സഹീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.