വൈപ്പിൻ: ജനസാന്ദ്രതയേറിയ വൈപ്പിനിൽ കൊവിഡ് വാക്സിനേഷൻ സ്പെഷൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വൈപ്പിനിൽ ഇതുവരെ16,821 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇവരിൽ 194 പേർ മരിച്ചു. നിലവിൽ കൊവിഡ് ചികിത്സയിൽ 1378 പേരുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന തലത്തേക്കാൾ ഇരട്ടിയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ക്യാമ്പുകൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. വാക്‌സിനേഷന്റെ തുടക്കത്തിൽ ചില വാർഡുകളിൽ ക്യാമ്പുകൾ നടത്തിയെന്നും എന്നാൽ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണിലായതോടെ ക്യാമ്പുകൾ തുടർന്ന് നടത്താൻ കഴിഞ്ഞില്ലെന്നും പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പള്ളിപ്പുറത്ത് 60 വയസ് കഴിഞ്ഞവർക്ക് പോലും വാക്‌സിനേഷൻ പൂർത്തിയായിട്ടില്ലെന്നും പ്രദേശത്തിന്റെ പ്രത്യേകതകൾ പരിഗണിച്ച് ഒരാഴ്ചയെങ്കിലും നീണ്ടു നിൽക്കുന്ന സ്‌പെഷ്യൽ ഡ്രൈവ് വാക്‌സനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും പഞ്ചായത്ത് റസിഡന്റ്സ് അസോസിയേഷൻ അപ്പെക്‌സ് കൗൺസിൽ സെക്രട്ടറി പി.കെ.ഭാസി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിനും ജില്ലാ കളക്ടർക്കും നിവേദനം നല്കി.