പള്ളുരുത്തി: ചെല്ലാനത്ത് കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ പുതിയ വീടുകൾ നിർമ്മിച്ച് നൽകുന്ന പദ്ധതിക്ക് 30ന് തുടക്കം കുറിക്കും. ആദ്യഘട്ടത്തിൽ 12 കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്. 30 ന് 4 വീടുകളുടെ ശിലാസ്ഥാപന കർമ്മം നടക്കും. സിനിമാ താരം ടൊവിനോ തോമസാണ് ബ്രാൻഡ്‌ അംബാസിഡർ. ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ-റോട്ടറി ക്ളബ് കൊച്ചി ഗ്ലോബൽ സംയുക്തമായി നാല് വീടുകൾ നിർമ്മിച്ചു നൽകും. എം.പിയുടെ തണൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമ്മാണം. ഇതോടെ ഈ പദ്ധതി പ്രകാരം 78 വീടുകളുടെ പണി പൂർത്തിയാകും. ഇതു കൂടാതെ പല സന്നദ്ധ സംഘടനകളും ചെല്ലാനത്ത് വീട് നിർമ്മിച്ചു നൽകാൻ മുന്നോട്ട് വന്നിട്ടുണ്ട്. പരമാവധി ജീവകാരുണ്യ പ്രവർത്തകരെ ചെല്ലാനത്ത് എത്തിച്ച് പുനർനിർമ്മാണം വേഗത്തിലാക്കുമെന്ന് എം.പി. പറഞ്ഞു. 30 ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.