hc

കൊച്ചി: ഹയർസെക്കൻഡറി മുതൽ പി.ജി വരെയുള്ള കോഴ്സുകളിലെ 40 ശതമാനം സീറ്റുകളിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം അനുവദിക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ, ഇതു സംബന്ധിച്ച് ഹർജിക്കാർ സർക്കാരിനു നൽകിയ നിവേദനം തീർപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കൊച്ചിയിലെ മുസ്ളിം എംപ്ളോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

സർക്കാർ സർവീസിൽ പിന്നാക്കക്കാർക്ക് 40 ശതമാനം സംവരണമുള്ളതുപോലെ ഉന്നത വിദ്യാഭ്യാസത്തിലും സംവരണം നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഇതിനായി സർക്കാരിനു നിവേദനം നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്നും ഹർജിക്കാരൻ വാദിച്ചു.

ഇത്തരമൊരു ആവശ്യം നിലനിൽക്കുന്നതല്ലെന്ന് അഭിപ്രായപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാരിനു ലഭിച്ച നിവേദനം ഉടൻ പരിഗണിച്ചു തീർപ്പാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.