
കൊച്ചി: ലക്ഷദ്വീപിൽ ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി സേവ് ലക്ഷദ്വീപ് ഫോറം അഡ്മിനിസ്ട്രേറ്റർക്ക് കത്തു നൽകി. 2020 ഡിസംബർ 9 മുതൽ ദ്വീപിൽ വിവിധ വകുപ്പുകളിലായി 12,000 താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇവർക്കിപ്പോൾ വരുമാനമില്ല. മത്സ്യത്തൊഴിലാളികൾക്കും ലോക്ക്ഡൗൺ സമയത്ത് ജോലിക്ക് പോകാനായില്ല. ടൗട്ടോ ചുഴലിക്കാറ്റിൽ ഇവരുടെ ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് സാമ്പത്തിക സഹായമോ ഭക്ഷ്യക്കിറ്റുകളോ നൽകിയിട്ടില്ല. ആരോഗ്യമേഖലയിലെ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടാനുള്ള സാദ്ധ്യതയുണ്ട്. അഡ്മിനിസ്ട്രേഷന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കത്തിൽ പറയുന്നു.