കൊച്ചി: റെയിൽവേ മേൽപാലം നിർമിക്കുന്നതിനായി പണിത താത്കാലിക ബണ്ട് മൂലം പെരിയാറിലെ ഒഴുക്ക് തടസപ്പെട്ട വിഷയത്തിൽ എല്ലാ കണ്ണുകളും അടുത്തയാഴ്ച നടക്കുന്ന ഉന്നതതല യോഗത്തിലേക്ക്. സർക്കാർ ഇടപെടൽ ഉണ്ടായതും പ്രതീക്ഷകൾക്ക് വക നൽകുന്നുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിന്മേൽ തുടർനടപടി കൈക്കൊള്ളാൻ ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിന് നിർദേശം നൽകിയിട്ടുണ്ട്.
വ്യവസായ മന്ത്രി പി.രാജീവാണ് പ്രശ്നപരിഹാരത്തിന് ഉന്നതതലയോഗം വിളിച്ചത്. തുറമുഖം, ഡി.പി വേൾഡ്, ഇറിഗേഷൻ വകുപ്പ് തുടങ്ങി വിവിധ ഏജൻസികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. അടുത്തയാഴ്ച എറണാകുളത്ത് യോഗം ചേരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ബണ്ടിന്റെ കാര്യത്തിൽ അതൃപ്തി അറിയിച്ചിരുന്നു. ഇറിഗേഷൻ വകുപ്പ് എന്തു നടപടിയെടുത്തുവെന്നായിരുന്നു കോടതി ആരാഞ്ഞത്. റെയിൽവേ അധികൃതർ വെള്ളിയാഴ്ചയും, ശനിയാഴ്ചയും സ്ഥലത്ത് പരിശോധന നടത്തി
സർക്കാർ തീരുമാനമെടുക്കും
പരിശോധനയിൽ മണ്ണും എക്കലും അടിഞ്ഞു കിടക്കുന്നുവെന്ന് മനസിലായി. ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകി. തീരുമാനങ്ങൾ സർക്കാരാണ് എടുക്കേണ്ടത്.
ടി.സന്ധ്യ, ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ