bpclponnurunni
പൊന്നുരന്നിയിൽ ബി.പി.സി.എൽ പൈപ്പ് ലൈനിലെ ചോർച്ച കണ്ടെത്താനുള്ള ശ്രമം തുടരുന്നു

കൊച്ചി: കുടിവെള്ളത്തിൽ ഇന്ധനം കലർന്ന പൊന്നുരുന്നി മേഖലയിലെ ഇന്ധന ചോർച്ചയുടെ ഉറവിടം കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച മുതൽ പ്രദേശത്തെ കുടിവെള്ളത്തിൽ ഇന്ധനം കലർന്നിരുന്നു. പൊന്നുരുന്നി റെയിൽവെ ഗേറ്റിന് സമീപം റെയിൽവേ ഓഫീസിന് പിറകിൽ ബി.പി.സി.എൽ കോറിഡോറിലെ പൈപ്പിലാണ് ചോർച്ച. സമീപത്തുകൂടി പോകുന്ന ജല അതോറിറ്റിയുടെ വാൽവിലൂടെയാണ് എണ്ണ കുടിവെള്ളത്തിൽ കലർന്നതെന്ന് കരുതുന്നു.

ജല അതോറിറ്റി വൈറ്റില സബ്ബ് ഡിവിഷന്റെ കീഴിലുള്ള ഉദ്യോഗസ്ഥരും കരാറുകാരും ദിവസങ്ങളായി ചോർച്ച കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു. പൈപ്പ് ലൈൻ ശൃംഖലയുടെ എല്ലാ ഭാഗങ്ങളും പരിശോധിച്ചു. രണ്ട് ശാഖകൾ അടച്ച് 25 ന് രാത്രി പമ്പ് ചെയ്ത വെള്ളത്തിലും എണ്ണമയം കണ്ടെത്തി. തുടർന്ന് പൊന്നുരുന്നി പാലത്തിന് തെക്ക് കിഴക്ക് ഭാഗത്ത് ബി.പി.സി.എൽ അധികൃതരുമായി പരിശോധിച്ചെങ്കിലും ചോർച്ച കണ്ടെത്താനായില്ല. ഇന്നലെ ജല അതോറിറ്റിയുടെ കരാറുകാരും ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ശ്രമം വിജയിച്ചത്. ബി.പി.സി.എൽ അധികൃതരും ഇന്നലെ സ്ഥലത്തിെ. ചോർച്ച കൃത്യമായി കണ്ടെത്താനുള്ള ശ്രമം ബി.പി.സി.എൽ തുടരുകയാണ്.

 പൈപ്പ് ലൈൻ വിഛേദിച്ചു

ഈ മേഖലയിലെ ജല അതോറിറ്റിയുടെ വിതരണ ശൃംഖലയിലെ പൈപ്പ് ലൈൻ വിഛേദിച്ച് കുടിവെള്ളം വേറെ ലൈനിലൂടെ തിരിച്ചു വിട്ടിരിക്കുകയാണ്. കൊച്ചി നഗരസഭയിലെ പൊന്നുരുന്നി, വൈറ്റില, തൈക്കൂടം, ചമ്പക്കര, പേട്ട, കാച്ചപ്പള്ളി റോഡ്, അമ്പേലിപ്പാടം റോഡ്, മേജർ റോഡ്, ടോക്ക് - എച്ച് റോഡ്, ജനതാ റോഡ്, ചിലവന്നൂർ റോഡ്, കടവന്ത്ര എന്നീ പ്രദേശങ്ങളിലെ പൈപ്പ് ലൈനുകൾ ശുദ്ധീകരിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലുള്ളവർ വാൽവുകൾ അടച്ചിടണം. 29 വരെ കുടിവെള്ളം ഉപയോഗിക്കരുത്. 29 ന് ജലവിതരണം പുനഃസ്ഥാപിക്കും.

പ്രേമൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ

കേരള ജല അതോറിറ്റി,വൈറ്റില

 പൊന്നുരുന്നി റെയിൽവെ ഗേറ്റിന് സമീപം ഓയിൽ മണ്ണിൽ കാണുന്നുണ്ട്. ചെറിയ ചോർച്ച കണ്ടേക്കാം. ചോരുന്ന മഴ വെള്ളം കലർന്ന ഓയിൽ വലിച്ചെടുത്ത് ടാങ്കിൽ നീക്കം ചെയ്യുകയാണ്. ഏഴ് പൈപ്പ് ലൈനുകളാണ് ഇവിടെയുള്ളത്. ഏതിലാണ് ചോർച്ചയെന്നറിയില്ല. ഉടനെ ചോർച്ച കണ്ടുപിടിക്കാൻ കഴിയും.

ഫില്ലി ചെറിയാൻ

ഡി.ജി.എം, ഓയിൽ മൂവ്മെന്റ്

ബി.പി.സി.എൽ, കൊച്ചി

 പൊന്നുരുന്നി റെയിൽവെ ഗേറ്റിന് സമീപത്ത് ഇന്ധനത്തിന്റെ ഗന്ധം അധികമായി അനുഭവപ്പെട്ടപ്പോഴാണ് അവിടെ കുഴിച്ച് നോക്കിയത്. വാട്ടർ അതോറിറ്റി, ബി.പി.സി.എൽ അധികൃതർക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉടനെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നു.

ബിന്ദു

കൗൺസിലർ

53 ഡിവിഷൻ

 വൈറ്റില മേഖലയിലെ ജനങ്ങൾ ഇന്ധന ചോർച്ചമൂലം കുടിവെള്ളം ലഭിക്കാതെ കഷ്ടപ്പെടുകയാണ്. പ്രശ്നം ഉടനെ പരിഹരിക്കണം.

ഫോജി ജോൺ

കൺവീനർ

ആം ആദ്മി പാർട്ടി

തൃക്കാക്കര മണ്ഡലം