shaine
ഷൈൻ

കൊച്ചി: സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫ‌ർ ചമഞ്ഞ് കാമറകൾ വാടകയ്‌ക്കെടുത്ത് ഒ.എൽ.എക്‌സ് വഴി മറിച്ചു വില്പന പതിവാക്കിയ പുനലൂർ സ്വദേശി ചരുവിള പുത്തൻ വീട്ടിൽ ഷൈൻ(31) പൊലീസിന്റെ പിടിയിലായി. ഷൈനിന്റെ സഹോദരൻ ഷൈജുവുമായി ചേർന്നായിരുന്നു തട്ടിപ്പ്. ഷൈജു വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കേരളത്തിലുടനീളം ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. സിനിമാ ചിത്രീകരണത്തിനും മറ്റും കാമറ വാടകയ്ക്ക് കൊടുത്തിരുന്ന പല്ലേപടി സ്വദേശി ശിവപ്രകാശിന്റെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ ഏപ്രിലിൽ ശിവപ്രകാശിന്റെ കൈയിൽ നിന്ന് ഷൈൻ കാമറയും ലെൻസുകളും ഷൂട്ടിംഗിനെന്ന പേരിൽ 3000 രൂപ ദിവസ വാടകയ്ക്ക് എടുത്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും വാടകയും കാമറയും കിട്ടാതായതോടെ ഇയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷൈൻ പിടിയിലായത്.

ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രതി താരങ്ങളോടൊപ്പം സിനിമാ സെറ്റുകളിൽ വച്ചെടുത്ത ഫോട്ടോകൾ കാണിച്ചാണ് ഇടപാടുകരെ വിശ്വസിപ്പിച്ചിരുന്നത്. ഷൈൻ പിടിയിലായതറിഞ്ഞ് നിരവധി പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി തട്ടിപ്പിലൂടെ കൈക്കലാക്കിയ വിവിധ തരം കാമറകൾ പൊലീസ് കണ്ടെടുത്തു.

തട്ടിപ്പിൽ ഭായി ഭായി
സഹോദരൻ ഷൈജുവുമായി ചേർന്നായിരുന്നു ഷൈനിന്റെ തട്ടിപ്പ്. ഷൈൻ നടത്തിയ ഇടപാടുകൾക്കായി ഷൈജുവിന്റെയും, ഷൈജു നടത്തിയ ഇടപാടുകൾക്കായി ഷൈനിന്റെയും തിരിച്ചറിയൽ കാർഡും മൊബൈൽ നമ്പറുമാണ് നൽകിയിരുന്നത്. പരാതിക്കാർ ഫോണിൽ ബന്ധപ്പെട്ടാൽ ഇതിനെക്കുറിച്ച് അറിയില്ല എന്ന് പറഞ്ഞു തടിയൂരുകയാണ് ഇവർ ചെയ്തിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.