പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്ര കവാടത്തിനു മുന്നിലെ ശിവപാർവതി മണ്ഡപത്തിന്റെ ചില്ലുകൾ സാമൂഹ്യ വിരുദ്ധർ തകർത്ത സംഭവത്തിൽ യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പള്ളുരുത്തിയിൽ വ്യാപക പ്രതിഷേധം. സംഭവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് അലംഭാവം കാണിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇതിനോടകം നിരവധി ഹൈന്ദവ സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ജില്ലയിലെ പല രാഷ്ട്രീയ നേതാക്കൻമാരും സ്ഥലം സന്ദർശിച്ചിരുന്നു. അതേ സമയം മാനസിക പ്രശ്നമുള്ള പെരുമ്പടപ്പ് സ്വദേശിയെ പൊലീസ് പിടികൂടിയതായി അവകാശപ്പെടുന്നു. കേസെടുക്കാൻ നിർവാഹമില്ലെന്നാണ് പൊലീസ് പറയുന്നത്. വിഷയത്തിൽ യഥാർത്ഥ പ്രതിയെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് ദേവസ്വം പ്രസിഡന്റ് കെ.വി.സരസൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്യുന്നതു വരെ പ്രക്ഷോ‌ഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ക്ഷേത്ര ഭാരവാഹികളുടെയും ഹൈന്ദവ സംഘടനകളുടെയും തീരുമാനം.