പറവൂർ: പറവൂർ മണ്ഡലത്തിലെ ഏഴിക്കര ഗ്രാമപഞ്ചായത്തിൽ പതിനൊന്നും പന്ത്രണ്ടും വാർഡുകളെ ബന്ധിപ്പിക്കുന്ന പുത്തൻതോടിന് കുറുകെയുള്ള ലങ്കാപാലത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ പതിനൊന്നിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും.
കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിച്ച് സഞ്ചാരയോഗ്യമല്ലാതായ പാലം പുതുക്കിപ്പണിയുക എന്നത് 23 കുടുംബങ്ങൾ ഉൾപ്പെടുന്ന ലങ്കാ നിവാസികളുടെ നിരന്തര ആവശ്യമായിരുന്നു. പാലം തകർന്നതോടുകൂടി നടക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു.
തിരഞ്ഞെടുപ്പിന് മുമ്പായി പാലത്തിന്റെ അവസ്ഥ പ്രദേശത്തുള്ളവർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇറിഗേഷൻ വകുപ്പിൽ നിന്നോ സർക്കാരിൽ നിന്നോ തുക അനുവദിക്കാത്ത അവസ്ഥയുണ്ടായപ്പോൾ എം.എൽ.എയുടെ ആസ്തിവികസന സ്കീമിൽ ഉൾപ്പെടുത്തി 93 ലക്ഷം രൂപ അനുവദിച്ചു. മേജർ ഇറിഗേഷൻ വകുപ്പിനാണ് നിർമാണച്ചുമതല. ആറു മാസമാണ് കാലാവധി. എത്രയും വേഗം പണികൾ ആരംഭിച്ച് അനുവദിച്ച കാലാവധിക്കുള്ളിൽ തന്നെ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്നും ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലങ്ക നിവാസികൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ സാധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.