തൃക്കാക്കര: യൂറോടെക്ക് മാരിടൈം അക്കാഡമി കടമ്പ്രയാർ തോട് കൈയേറി നിർമ്മിച്ച ബോട്ട്ജെട്ടിയും ബാൽക്കണിയും പൊളിച്ചുമാറ്റാൻ റവന്യൂ, ജലസേചന വകുപ്പുകൾ പുറപ്പെടുവിച്ച ഉത്തരവിന് പുല്ലുവില. വർഷങ്ങൾ കഴിഞ്ഞിട്ടും പൊളിച്ചു മാറ്റാത്ത ഈ നിർമ്മിതികൾക്കെതിരെയും യൂറോടെക്കിനെതിരെയും നടപടിയെടുക്കാൻ അധികൃതർക്ക് ധൈര്യമില്ല. കിഴക്കമ്പലം പഞ്ചായത്തും ഇവർക്ക് ഒത്താശ ചെയ്തതായ രേഖകൾ പുറത്തുവന്നു.
കിഴക്കമ്പലം വില്ലേജിൽ ബ്ലോക്ക് 25 റീസർവേ 334പ്പെട്ട കടമ്പ്രയാറിലെ ഏഴേമുക്കാൽ സെന്റ് തോട് പുറമ്പോക്കാണ് ഇവർ കൈയേറിയത്. 2012 മുതൽ 2019 വരെയായി വില്ലേജ് ഓഫീസറും താലൂക്ക് സർവേയറും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറും ആർ.ഡി.ഒയും ഇവ പൊളിച്ചുമാറ്റാൻ ഉത്തരവായിട്ടും ഒന്നും നടന്നില്ല.
ഒടുവിൽ 2019 ജനുവരി അഞ്ചിനാണ് ഈ നിർമ്മാണങ്ങൾ ക്രമപ്പെടുത്താൻ തീരുമാനിച്ചതായി കിഴക്കമ്പലം പഞ്ചായത്ത് സർക്കാരിനെ അറിയിച്ച് യൂറോടെക്കിന് ഒത്താശ ചെയ്തത്. എന്നാൽ തൊട്ടുപിന്നാലെ ഫെബ്രുവരി 19 ന് കൈയേറ്റത്തിനെതിരെ നടപടികൾ അറിയിക്കാൻ ഇറിഗേഷൻ എറണാകുളം എക്സിക്യൂട്ടീവ് എൻജിനിയർ പിറവം അസി. എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദേശം നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
കൈയേറ്റത്തിന്റെ നാൾവഴി
# 2012 ജൂലായ് 24 ന് താലൂക്ക് സർവേയർ ബോട്ട്ജെട്ടിയും ബാൽക്കണിയും സർക്കാർ ഭൂമി കൈയേറി നിർമ്മിച്ചതായി കണ്ടെത്തി. പൊളിച്ചുമാറ്റാൻ യൂറോടെക്കിന് നോട്ടീസ് കൊടുത്തു. ഹൈക്കോടതിയെ സമീപിച്ചപ്പോൾ നടപടി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു. തുടർന്ന് കൈയ്യേറ്റ സ്ഥലം ലീസിന് അനുവദിക്കണമെന്ന് മാരിടൈം അക്കാഡമി അപേക്ഷിച്ചു.
# 2014 ജനുവരി 27: അപേക്ഷയിൽ തീരുമാനമെടുക്കാൻ ജലസേചന വകുപ്പ് എസ്‌സിസിക്യൂട്ടീവ് എൻജിനിയറോട് ഹൈക്കോടതി നിർദേശം.
# 2016 മേയ് 4: അപേക്ഷ പരിഗണിച്ചെങ്കിലും അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റാൻ എസ്‌സിസിക്യൂട്ടീവ് എൻജിനിയർ ഉത്തരവിട്ടു.
# 2018 നവംബർ 26 : അനധികൃത നിർമ്മാണത്തിനെതിരെ നടപടിയെടുക്കാൻ മൂവാറ്റുപുഴ ആർ.ഡി.ഒ ഇറിഗേഷൻ വകുപ്പ് എറണാകുളം എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദേശം നൽകി.
# 2019 ജനുവരി 5 : കൈയേറ്റ ഭൂമിയിലെ നിർമ്മാണങ്ങൾ ക്രമപ്പെടുത്താൻ തീരുമാനിച്ചതായി കിഴക്കമ്പലം പഞ്ചായത്ത് സർക്കാരിനെ അറിയിച്ചു.
# 2019 ഫെബ്രുവരി 19 : കൈയേറ്റത്തിനെതിരെ നടപടികൾ അറിയിക്കാൻ ഇറിഗേഷൻ എറണാകുളം എക്സിക്യൂട്ടീവ് എൻജിനിയർ പിറവം അസി. എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദേശം നൽകി