കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിനിയിൽ നിന്ന് മൂന്നര ലക്ഷം രൂപ തട്ടിയ കേസിൽ കാത്തലിക് ഫോറം നേതാവ് തിരുവല്ല കാവുംഭാഗം പെരുന്തുരുത്തി പഴയചിറ വീട്ടിൽ ബിനു പി. ചാക്കോ (46) അറസ്റ്റിലായി. ഇയാൾ മറ്റ് നിരവധി കേസുകളിലും പ്രതിയാണ്.
മൂന്ന് മാസമായി കോട്ടയം റെയിൽവേ സ്‌റ്റേഷൻ പരിസരത്തുള്ള ഫ്ളാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു. സുഹൃത്ത് വഴിയാണ് യുവതി ബിനുവിനെ പരിചയപ്പെടുന്നത്. ആറ് മാസം മുമ്പാണ് പണം കൈക്കലാക്കിയത്. ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി 3.5 ലക്ഷം കൈമാറി.പണം ലഭിച്ചതോടെ ബിനു യുവതി വിളിച്ചാൽ ഫോൺ എടുക്കാതെയായി.
പാലാരിവട്ടം എസ്.എച്ച്.ഒ എൻ. ഗിരീഷാണ് കേസ് അന്വേഷിച്ചത്. ബാങ്കുകൾ, റെയിൽവേ, ഐ.ഒ.സി എന്നിവിടങ്ങളിലും വിദേശത്തും ജോലിയും കോഴ്‌സുകൾക്ക് അഡ്മിഷനും വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ രീതി. 2010 മുതൽ കേരളത്തിൽ പലയിടങ്ങളിലായി സമാന സ്വഭാവമുള്ള കേസുകളിൽ അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കാത്തലിക്ക് സ്ഥാപനങ്ങളിൽ എം.ബി.ബി.എസ്. കോഴ്‌സിന് സീറ്റ് വാഗ്ദാനം നൽകി 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബിനുവിനെ കഴിഞ്ഞ നവംബറിൽ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങി വീണ്ടും തട്ടിപ്പ് നടത്തി വരികയായിരുന്നു. ഇടുക്കി കഞ്ഞിക്കുഴി, കോട്ടയം വെസ്റ്റ്, കുറവിലങ്ങാട്, ചങ്ങനാശേരി, മണ്ണാർക്കാട്, എറണാകുളം സെൻട്രൽ സ്‌റ്റേഷനുകളിൽ കേസുണ്ട്. സ്റ്റാർ ഹോട്ടലുകളിൽ മുറിയെടുത്തായിരുന്നു ഇടപാടുകൾ. ചെക്ക് കേസുകളും നിലവിലുണ്ട്.
വിവിധ മാദ്ധ്യമ സ്ഥാപനങ്ങളുടെ പേരിൽ തിരിച്ചറിയൽ കാർഡുണ്ടാക്കിയും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. എസ്.ഐമാരായ എസ്. പ്രദീപ്, അനിൽകുമാർ, സി.പി.ഓമാരായ മാഹിൻ അബൂബക്കർ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.