പറവൂർ: പറവൂർ നഗരസഭാ പ്രദേശത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനാൽ നിലവിൽ സി വിഭാഗത്തിലാണ് നഗരസഭ. വെള്ളിയാഴ്ച ടി.പി.ആർ 16.69, വ്യാഴാഴ്ച 17.33, ബുധനാഴ്ച 16.4 എന്നിങ്ങനെയായിരുന്നു. അടുത്ത ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തിനു മുമ്പ് ടി.പി.ആർ കുറഞ്ഞാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കൂ. കൂടിയാൽ ലോക്ഡൗൺ വരാനും സാദ്ധ്യതയുണ്ട്. നിലവിൽ 29 വാർഡുകളിലായി 118 പേരാണ് പോസിറ്റീവായി തുടരുന്നത്.നാലാം വാർഡിലാണ് ഏറെ. 16, 3, 14 വാർഡുകളിലും രേഗികൾ കൂടുതലാണ്.
വ്യാപാര സ്ഥാപനങ്ങൾ തുറന്നതും ആളുകൾ പരിശോധനയ്ക്കു വരാൻ മടിക്കുന്നതും ടി.പി.ആർ കൂടാൻ കാരണമായെന്നാണ് നഗരസഭാധികൃതരുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചെന്ന് നഗരസഭ ചെയർപേഴ്സൺ വി.എ.പ്രഭാവതി പറഞ്ഞു. ലക്ഷണമുള്ളവരെ മാത്രം പരിശോധിക്കുന്നതിനു പകരം വാർഡുകളിൽ ക്യാംപുകൾ സംഘടിപ്പിക്കാനും വാക്സീൻ സ്വീകരിക്കാൻ എത്തുന്നവരെ താലൂക്ക് ആശുപത്രിയിൽ വച്ചു പരിശോധന നടത്താനും തീരുമാനിച്ചതായി ചെയർപേഴ്സൺ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയെന്ന് നഗരസഭ
നഗരത്തിലെ ജനങ്ങൾക്ക് ആവശ്യമായ വാക്സിനേഷൻ എത്തിക്കുന്നതിൽ ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥതയെന്ന് പറവൂർ നഗരസഭ. വാക്സിനേഷൻ നടത്തുന്ന പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പ് കാണിക്കുന്ന നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ ചൂണ്ടികാട്ടി ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്ന് നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി പറഞ്ഞു. നഗരസഭയുടെ അനുമതിയോ കൗൺസിലർമാരെ മുൻകൂട്ടി അറിയിക്കാതെ വാക്സിൻ എടുക്കാൻ എത്തിയവരെ ആന്റിജൻ ടെസ്റ്റ് നടത്തിയതും റിസൽട്ടിലെ കാലതാമസവും വാർഡുകൾക്കായി നൽകിയ സമയക്രമം തെറ്റുന്നതിനാലും വാക്സിനേഷൻ തടസ്സപ്പെടുന്നുണ്ട്. ഇത് കൂടുതൽ തിരക്കിന് പലപ്പോഴും ഇടയാക്കുന്നു.