കൊച്ചി: ലഹരിക്കെതിരായ പോരാട്ടം ജനകീയമാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. വിമുക്തി ലഹരി വർജ്ജന മിഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ സംവിധാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും ഇതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. കൂടുതൽ ജനകീയമാക്കുക വഴി ലഹരി വിരുദ്ധ ചിന്ത സമൂഹത്തിൽ സജീവമാകാനും അത് വഴി ലഹരിമാഫിയയുടെ വേരറുക്കാനും കഴിയും. ലഹരി വിരുദ്ധ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിമുക്തി ലഹരി വർജന മിഷൻ നടപ്പാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

പി.വി.ശ്രീനിജിൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ. അശോക് കുമാർ ആമുഖ പ്രഭാഷണം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, വടവുകോട് ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, സി.ബി.എസ്.ഇ. സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സെക്രട്ടറി ഇന്ദിരാ രാജൻ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി അലക്‌സാണ്ടർ, കുടുംബശ്രീ മിഷൻ അസി. കോഓർഡിനേറ്റർ എം.ബി പ്രീതി, എൻ.എസ് എസ്. ജില്ലാ കോഓർഡിനേറ്റർ പി.കെ പൗലോസ് ,എച്ച്.എം.ഫോറം സെക്രട്ടറി അനിയൻ.പി.ജോൺ, വിമുക്തി മിഷൻ ജില്ല കോർഡിനേറ്റർ കെ.എ. ഫൈസൽ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന ക്ലാസിന് മൂവാറ്റുപുഴ വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് നേതൃത്വം നൽകി. എസ്. എ.ബി.ടി.എം. സ്‌കൂൾ അദ്ധ്യാപിക ഷഫ്‌ന സലീം മോഡറേറ്ററായി. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ 14 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന പ്രചാരണ ബോധവൽക്കരണ പരിപാടികളാണ് ജില്ലയിൽ വിമുക്തി ലഹരി വർജന മിഷൻ സംഘടിപ്പിക്കുന്നത്.

ലഹരി ഉപയോഗം കുറയ്ക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: ഋഷിരാജ് സിംഗ്

കൊച്ചി: സമൂഹത്തിൽ ലഹരിയുടെ ഉപയോഗം കുറക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടു. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സെന്റ് ആൽബർട്‌സ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകളിലും കോളേജുകളിലും നാർക്കോട്ടിക് ക്ലബ്ബുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ കൈയെഴുത്തു മാസിക ഹെഡ്മാസ്റ്റർ വി.ആർ.ആന്റണി പ്രകാശനം ചെയ്തു .പോസ്റ്റർ മേക്കിംഗ്, കാർട്ടൂൺ തുടങ്ങിയ മത്സരങ്ങളും ദിനാചരണത്തിന്റെ ഭാഗമായി സഘടിപ്പിച്ചു.സ്‌കൂളിലെ എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.