തൃപ്പൂണിത്തുറ: പള്ളികൾ തുറക്കാമെന്ന സർക്കാർ ഉത്തരവിൽ ആശങ്ക പിന്നെയും ബാക്കി. ചില പള്ളികൾ കുർബ്ബാനയ്ക്കായി ഇന്നലെയും തുറന്നില്ല. ആരാധനാലയവും പരിസരവും സാനിറ്റൈസ് ചെയ്ത് വൃത്തിയാക്കിയെങ്കിലും 15 പേരിൽ കൂടുതൽ വന്നാൽ എങ്ങനെ നിയന്ത്രിക്കും, എങ്ങനെ മടക്കി അയയ്ക്കും തുടങ്ങിയ ആശങ്കകളാണ് പള്ളി വികാരിമാർ പങ്കുവച്ചത്. ചൊവ്വാഴ്ച സർക്കാർ തലത്തിൽ കുർബ്ബാനയ്ക്ക് പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന വരുത്തുമെന്നാണ് അവരുടെ പ്രതീക്ഷ. ഇടവക ജനങ്ങൾ ഞായറാഴ്ച പള്ളിയിൽ വരട്ടെ എന്ന് ഫോണിൽ ചോദിച്ചെങ്കിലും ചൊവ്വാഴ്ച കഴിയട്ടെ എന്ന മറുപടിയാണ് ലഭിച്ചത്. കുറഞ്ഞത് 50 പേരെയെങ്കിലും കുർബ്ബാനയിൽ പങ്കെടുക്കാൻ അനുമതി വേണമെന്നാണ് ആവശ്യം.