legal
മൂവാറ്റുപുഴ കോടതി സമുച്ചയത്തിൽ നടന്ന കൊവിഡ് പ്രതിരോധ മരുന്ന് വിതരത്തിന്റ ഉദ്ഘാടനം അഡീഷണൽ ജില്ലാ ജഡ്ജിയും താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ ചെയർമാനുമായ ദിനേശ്.എം.പിള്ള നിർവഹിക്കുന്നു

മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും കർമ്മ രംഗത്ത് . താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും മൂവാറ്റുപുഴ ബാർ അസോസിയേഷനും ഹോമിയോ വകുപ്പുമായി ചേർന്ന് കൊവിഡ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുകയും മൂന്നാം തരംഗം ഭയക്കുകയും ചെയ്യുന്ന അവസരത്തിൽ രോഗത്തെ പ്രതിരോധിക്കാനുള്ള ലക്ഷ്യവുമായി മൂവാറ്റുപുഴ കോടതി സമുച്ചയത്തിലെ മുഴുവൻ അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും വക്കീൽ ഗുമസ്തന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. മൂവാറ്റുപുഴ കോടതി സമുച്ചയത്തിൽ നടന്ന ചടങ്ങ് അഡീഷണൽ ജില്ലാ ജഡ്ജിയും താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ ചെയർമാനുമായ ദിനേശ് എം പിള്ള ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ .ജോണി മെതിപ്പാറ, സെക്രട്ടറി അഡ്വ. ജോബി ജോസ്, താലൂക്ക് ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷീന ആനി തോമസ് , സബ് കോടതി ശിരസ്തദാർ ഇമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു. 1500ഓളം ഡോസ് പ്രതിരോധ മരുന്നാണ് വിതരണം ചെയ്തത്. ന്യായാധിപന്മാർ, അഭിഭാഷകർ, അഭിഭാഷക ഗുമസ്തൻ മാർ, കോടതി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .