മൂവാറ്റുപുഴ: നഗരത്തിൽ മത്സ്യവില്പന കേന്ദ്രങ്ങളുടെ എണ്ണം പെരുകുമ്പോൾ കോടികൾ മുടക്കി നിർമിച്ച ആധുനിക മത്സ്യ മാർക്കറ്റ് കാട് കയറികിടക്കുന്നു. മത്സ്യ മാർക്കറ്റിന് സമീപം നിരവധി മത്സ്യ വില്പന ശാലകൾ തുറക്കുമ്പോഴും കോടികൾ മുടക്കി നിർമിച്ച മാർക്കറ്റ് അടച്ചിട്ടിരിക്കുന്നത് മൂലം നഗരസഭക്ക് ലക്ഷങ്ങളാണ് വാടകയിനത്തിൽ നഷ്ടമാകുന്നത്. നിലവിൽ സ്റ്റേഡിയത്തിനു സമീപത്തു നിന്ന് മാർക്കറ്റിലേക്കുള്ള റോഡിനു പുറമെ വണ്ടി പേട്ടയിൽ നിന്നും എവറസ്റ്റ് കവലയിൽ നിന്ന് വഴികൾ തുറന്നാൽ മാർക്കറ്റ് കൂടുതൽ ശ്രദ്ധാകേന്ദ്രമാകും. മാർക്കറ്റിലെ സ്റ്റാളുകൾ വാടകക്ക് എടുക്കാൻ ആവശ്യക്കാർ ഏറെയുണ്ടങ്കിലും തുറന്നു കൊടുക്കാൻ തയ്യാറാകാത്തതിന്റ കാരണമാണ് മനസിലാകാത്തത്.
രണ്ടു കോടിയോളം രൂപ ചെലവഴിച്ച് ഏഴ് വർഷം മുമ്പ് നഗരസഭ നിർമിച്ച മാർക്കറ്റ് ഇപ്പോൾ സാമൂഹ്യ വിരുദ്ധർ കൈയടക്കിയിരിക്കുകയാണ്. നേരത്തെ ഇവിടെ നിയമിച്ച ഒരു വാച്ചറെ ഇവിടെ നിന്നും മാറ്റിയത് സാമൂഹ്യ വിരുദ്ധർക്ക് ഗുണകരമായി. ഇതിനിടെ മാർക്കറ്റ് മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഭാഗമാക്കാൻ നീക്കം നടക്കുന്നുമുണ്ട്. മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപത്തെ ഒരേക്കർ സ്ഥലത്ത് അശാസ്ത്രീയമായാണ് മാർക്കറ്റ് നിർമ്മിക്കുന്നതിലെ അപാകത അന്നേ ചൂണ്ടികാട്ടിയതാണ്. മഴപെയ്താൽ വെള്ളം കയറുന്ന സ്ഥലത്ത് മണ്ണിട്ടുയർത്താതെ നിർമ്മാണം തുടങ്ങിയതിനെ വിമർശിച്ചപ്പോൾ ഫണ്ട് ലാപ്സാകുമെന്ന കാരണം ചൂണ്ടിക്കാട്ടി മത്സമാർക്ക് നിർമ്മിക്കുകയായിരുന്നു.
മാർക്കറ്റ് അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷം
മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം ഒരേക്കറോളം വരുന്ന സ്ഥലത്താണ് സംസ്ഥാന തീരദേശ കോർപ്പറേഷന്റെ സഹകരണത്തോടെ ശുചിത്വപൂർണ മത്സ്യ മാർക്കറ്റ് നിർമ്മിച്ചത്. 2009 ൽ കേന്ദ്ര സർക്കാർ നൽകിയ തുക കൊണ്ടാണു നിർമാണം തുടങ്ങിയത്. ജോസഫ് വാഴയ്ക്കൻ എം.എൽ.എയായിരിക്കുമ്പോൾ ആസ്തി വികസന ഫണ്ടിൽ നിന്ന് 45.33 ലക്ഷം രൂപയും കേന്ദ്രത്തിന്റെ 1.62 ലക്ഷവും ചേർത്താണു നിർമാണം പൂർത്തിയാക്കിയത്. ശീതീകരണ സംവിധാനവും ആധുനിക മാലിന്യ സംസ്കരണ സംവിധാനവും നിരവധി സ്റ്റാളുകളും ഉൾകൊള്ളുന്ന രണ്ടു നില കെട്ടിടമാണ് ശുചിത്വ മത്സ്യ മാർക്കറ്റിനുവേണ്ടി പൂർത്തിയാക്കിയത്. 2014 ൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ഇത് വരെ മാർക്കറ്റ് തുറന്നു കൊടുത്തില്ല.