നെടുമ്പാശേരി: അകപ്പറമ്പ് യാക്കോബായ വലിയപള്ളി പാരീഷ് ഹാളിലെ അടുക്കളയിൽ വൃദ്ധന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തി. നെടുമ്പാശേരി അകപ്പറമ്പ് ആറ് സെന്റ് കോളനിയിൽ കൂരൻത്താഴത്ത് വീട്ടിൽ യാക്കോബി (70) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ പാരീഷ് ഹാളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പള്ളി അധികൃതർ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അടുക്കളയുടെ പ്രധാന വാതിൽ പൂട്ടിയിരുന്നെങ്കിലും പൂട്ടില്ലാത്ത ഗ്രിൽ നീക്കിയായിരിക്കാം ഇയാൾ അകത്ത് കടന്നതെന്ന് സംശയിക്കുന്നു. വീട്ടുകാരുമായി വഴക്കിട്ട് യാക്കോബ് മൂന്ന് വർഷത്തോളമായി പാരീഷ് ഹാളിന്റെ വരാന്തയിലാണ് കഴിഞ്ഞിരുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ഹാളിൽ പരിപാടികൾ ഇല്ലാത്തതിനാലും പള്ളിയിൽ വിശ്വാസികൾക്ക് പ്രവേശനമില്ലാത്തതിനാലും യാക്കോബിന്റെ തിരോധാനം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണത്തിൽ മറ്റ് ദുരൂഹതകയില്ലെന്ന് നെടുമ്പാശേരി പൊലീസ് അറിയിച്ചു. കൊവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മക്കൾ: എൽദോ, ഷൈബി, ഷാന്റി.