വൈപ്പിൻ: കൊവിഡ് നേരിടുന്നതിന് ആവിഷ്‌കരിച്ച ചലഞ്ചുകളിൽ വൈപ്പിൻ മണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങൾ മികച്ച സേവനമാണ് നടത്തിയതെന്ന് കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. ഈ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചപ്പോൾ വാക്‌സിൻ ചലഞ്ചിലേക്ക് മികച്ച സംഭാവനകൾ നൽകിയും ഡിജിറ്റൽ പഠനത്തിന് മൊബൈൽഫോണുകളും കമ്പ്യൂട്ടറുകളും ലഭ്യമാക്കിയും നന്നായി സഹകരിച്ചു. നായരമ്പലം സർവീസ് സഹകരണ ബാങ്ക് 'നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളുണ്ട്' പദ്ധതിയുടെ ഭാഗമായി നായരമ്പലം വില്ലേജിലെ വിദ്യാഭ്യസ സ്ഥാപങ്ങൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ നൽകുന്നത് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ബാങ്ക് പ്രസിഡന്റ് പി. കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ജെ. ഫ്രാൻസിസ്, സ്റ്റാഫ് പ്രതിനിധി എം. പി. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ബോർഡ് അംഗങ്ങളായ എം. പി. സുമോദ്, എൻ.എസ്. സുഭാഷ് കുമാർ ,ഷൈല ബാബു, കല ബാബുരാജ്, എ. ജി. ജോസഫ്, ആശ ആശോകൻ, പി. എസ്. ജയൻ എന്നിവർ പങ്കെടുത്തു.