വൈപ്പിൻ: എടവനക്കാട് സ്‌നേഹക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റി കൊവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ കഷ്ടപ്പാടിലായവർക്ക് സാന്ത്വനമായി പലവ്യഞ്ജനങ്ങളും മരുന്നും തുണിയും ലഭ്യമാക്കാൻ ഒരുക്കിയ കൂപ്പണുകളുടെ വിതരണോദ്ഘാടനം കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. സമൂഹത്തിനു മാതൃകയും പ്രചോദനവുമാണ് സ്‌നേഹക്കൂട്ടത്തിന്റെ വേറിട്ട പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ വീട്ടുജോലിക്കാർ, ആശാവർക്കർമാർ, ബാർബർമാർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് സ്‌നേഹക്കൂട്ടം കൂപ്പണുകൾ നൽകുന്നത്. വാട്ട്‌സാപ്പ് കൂട്ടായ്മയിലൂടെയാണ് പദ്ധതിക്കുവേണ്ട വിഭവ സമാഹരണം നടത്തിയത്. സ്‌നേഹക്കൂട്ടം പ്രസിഡന്റ് എ. യു. യൂനുസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം, പഞ്ചായത്തംഗം ബിസ്‌നി പ്രതീഷ്, എ. എ. നാസർ മാസ്റ്റർ, മുഹമ്മദ് ഇബ്രാഹിം, എ. പി. പ്രിനിൽ എന്നിവർ പങ്കെടുത്തു.