കൊച്ചി: പാർലമെന്റിൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗെനൈസേഷൻ പെൻഷൻകാർക്ക് നൽകിയ ഉറപ്പുകൾ ലംഘിക്കുന്നതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആരോപിച്ചു.

ആൾ ഇന്ത്യ ഇ.പി.എഫ് മെമ്പേഴ്‌സ് ആൻഡ് പെൻഷനേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷൻകാരുടെ ദുരിതം അകറ്റാൻ നിയമിച്ച സമാരിയ കമ്മിഷൻ സമർപ്പിച്ച ശുപാർശകൾ നടപ്പാക്കുമെന്ന് പല തവണ പാർലമെന്റിൽ തൊഴിൽ മന്ത്രിയും പാർലമെന്ററി കാര്യമന്ത്രിയും ഉറപ്പ് നൽകിയതാണ് . മിനിമം പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിഷേധാന്മകമായ നിലപാടുകളാണ് ഇ.പി.എഫ്.ഒ സ്വീകരിക്കുന്നത്. 2018 ലെ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ പ്രത്യേക അനുമതി ഹർജി നൽകിയതുപോലും ശരിയായ നിലപാടല്ല. നടപടി ക്രമങ്ങൾ നീണ്ടുപോകുന്നത് വയോധികരായ പെൻഷൻകാരുടെ അതിജീവനം പ്രയാസകരമാക്കിയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ബേബി , ഡോ. വി. ജയചന്ദ്രൻ, കെ.എ. റഹ്മാൻ, എൻ.വി. അശോകൻ, അബ്ദുൾ റഷീദ്, ജോർജ് തോമസ്, നവാസ്, വിജിലൻ ജോൺ , സുരേഷ് ബാബു, എസ് ജയകുമാർ, വി മോഹനൻ, എം. ദിനേശൻ ബാലചന്ദ്രൻ, എസ്. ജലാലുദ്ദിൻ, എ. സലാം എന്നിവർ പ്രസംഗിച്ചു.