കൊച്ചി: നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം. തമ്മനം - പുല്ലേപ്പടി റേഡ് വികസനത്തിന് വേഗം വയ്ക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിളിച്ചുചേർത്ത യോഗത്തിൽ റോഡ് വികസനം വേഗത്തിലാക്കാൻ തീരുമാനമായി. ഭാഗികമായി സ്ഥലമേറ്റെടുപ്പ് കഴിഞ്ഞിട്ടും നടപടികൾ ഇഴയുകയായിരുന്നു. യോഗത്തിൽ വിഷയം ചർച്ചയായി. തുടർന്ന് റോഡുമായി ബന്ധപ്പെട്ട പ്രത്യേക യോഗം വിളിച്ചുചേർക്കാൻ തീരുമാനിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. എല്ലാ മാസവും യോഗം ചേർന്ന് ഭൂമി ഏറ്റെടുക്കലിന്റെ പുരോഗതി വിലയിരുത്തി മന്ത്രിയെ അറിയിക്കണമെന്നും നിർദ്ദേശിച്ചു. കിഫ്ബിയിൽ ഉൾപ്പെട്ട കോർപ്പറേഷൻ റോഡാണിത്. തമ്മനം - പുല്ലേപ്പെടി റോഡ് വികസിപ്പിച്ചാൽ കൊച്ചിനഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകും. നഗരത്തിന്റെ തിരക്കനുസരിച്ച് രണ്ട് വാഹനങ്ങൾക്ക് പോകാൻ ആവശ്യമായ വീതി റോഡിനില്ല. വഴിയാത്രക്കാർക്ക് നടക്കാനുള്ള സൗകര്യവും കുറവാണ്. ഇൻഫോപാർക്കിന്റെ സമാന്തര റോഡ് കൂടിയാണിത്. യോഗത്തിൽ കൊച്ചി മേയർ അനിൽകുമാർ എം, ഹൈബി ഈഡൻ എം.പി, പി.ടി.തോമസ് എം.എൽ.എ, ടി.ജെ.വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ സുഹാസ് ഐ.എ.എസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 ആദ്യഘട്ടത്തിൽ സ്ഥലം ഏറ്റെടുത്ത ഭാഗങ്ങളിൽ ശേഷിക്കുന്ന നടപടി പൂർത്തിയാക്കും. തുടർന്ന് കത്രിക്കടവ് ജംഗ്ഷൻ മുതൽ പത്മവരെയുള്ള ഭാഗത്തെയും എൻ.എച്ച് മുതൽ തമ്മനം വരെയും ഭൂമി ഏറ്റെടുത്ത് റോഡ് വികസനം നടപ്പാക്കും.

പി.എ.മുഹമ്മദ് റിയാസ്

പൊതുമരാമത്ത് മന്ത്രി