rafeek-moo-ppan

കളമശേരി: ചരിത്രത്താളുകളിലിടം പിടിച്ച ഏലൂർ മൂപ്പൻ കുടുംബത്തിന്റെ മഹിമ പുതുതലമുറയ്ക്ക് അന്യം. ബിസിനസുകാരായും ഡോക്ടർമാരായും മറ്റും പേരുകേട്ട മൂപ്പൻമാരുടെ കുടുബത്തെക്കുറിച്ച് വില്യം ലോഗന്റെ മലബാർ മാന്വലിൽ വരെ പരാമർശമുണ്ട്.

വെട്ടത്തു രാമവർമ്മരാജാവ് കല്പിച്ച് നൽകിയ സ്ഥാനപ്പേരാണ് മൂപ്പൻ. ടിപ്പുവിന്റെ ആക്രമണം ഭയന്ന് തിരുവിതാംകൂറിൽ രാഷ്ട്രീയ അഭയം തേടിയ മണ്ടായപ്പുറത്ത് മൂപ്പൻ കുടുംബം മഹാരാജാവ് പെരിയാറിന്റെ തീരത്ത് ഏലൂരിൽ ദാനമായി നൽകിയ 2000 ഏക്കർ ഭൂമിയിൽ 1799 ൽ വാസം തുടങ്ങുകയായിരുന്നു.

തിരുവിതാംകൂർ രാജാവ് സമ്മാനിച്ച വാളുകൾ അവർ ഇന്നും കാത്തു സൂക്ഷിക്കുന്നു. ഒറിജിനൽ തറവാട് കൽപകഞ്ചേരിയിൽ. 1904ൽ ദിവാൻ ബഹാദൂർ ഗോപാലൻ നായർ എഴുതിയ 'മലയാളത്തിലെ മാപ്പിളമാർ' എന്ന പുസ്തകത്തിലും മൂപ്പന്മാരെക്കുറിച്ച് പരാമർശമുണ്ട്.

'ഖലീഫ ഉമറിന്റെ പിൻമുറക്കാർ ' എന്ന പുസ്തകത്തിൽ 'പാവങ്ങളുടെ ഡോക്ടർ' എന്ന് ടി.പത്മനാഭൻ പ്രശംസിച്ചെഴുതിയ ഡോ.സൈനുദ്ദീൻ മൂപ്പൻ, ഡോ.മൊയ്തീൻ മൂപ്പൻ (യു.എസ്.എ), ബാബു മൂപ്പൻ (ടൊയോട്ട ), ഡോ. ആസാദ് മൂപ്പൻ (സി.എം.ഡി, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ), എം.വി.മുഹമ്മദ് മൂപ്പൻ, അഹമ്മദ് മൂപ്പൻ (മൂപ്പൻസ് അസോസിയേഷൻ പ്രസിഡന്റ്), ഡോ. ഉണ്ണിമൂപ്പൻ (യു.എസ്.എ) തുടങ്ങി അറിയപ്പെടുന്ന മൂപ്പൻമാരെല്ലാം മണ്ടായപ്പുറത്ത് തറവാട്ടിലെ പിൻമുറക്കാരാണ്.

ഏലൂരിലെ ആദ്യ ഇരുനില മാളികയാണ് ഇവരുടെ തറവാട്. തേക്കും ഈട്ടിയും ചേർന്ന ചുവരുകൾ, തൂണുകൾ, പടിപ്പുര, നെല്ലറ, വിശാലമായ ഹാൾ. പ്രൗഢിയും പ്രതാപവും നിറഞ്ഞ തറവാട്. പകുതിയോളം പൊളിച്ചുമാറ്റി പുനർനിർമ്മിച്ചു. ഇളയ തലമുറക്കാരനായ സൈനുദ്ദീൻ മൂപ്പനും മക്കളായ അബ്ദുൾ റസാക്ക്, അബ്ദുൾ റഷീദ്, ഡോ.അബ്ദുൾ റഫീക്ക് എന്നിവരുമാണ് ഏലൂരിലെ മണ്ടായപ്പുറത്ത് തറവാട്ടിലുള്ളത്.

വികസനത്തിന് തുണയായ്

ഫാക്ട്, ഐ.ആർ.ഇ, എച്ച്.ഐ.എൽ, യുവജന വായനശാല, സർക്കാർ സ്കൂൾ, റോഡുകൾക്കും മറ്റുമായി ഏറെ സ്ഥലം മൂപ്പൻ കുടുംബം വിട്ടുകൊടുത്തു. തറവാടിനോട് ചേർന്ന് പള്ളി പണിതു. നാലു തലമുറയിലെ രണ്ടു സ്ത്രീകളടക്കം ഏഴു പേരെ പള്ളിക്കകത്ത് അടക്കിയത് അപൂർവ സംഭവം.

ബന്ധം മുറിയാതെ കരുതൽ

തിരൂരിലെ മേൽമുറി അച്ചിപ്ര വാധ്യാർ മനക്കലെ സഹോദരന്മാരായ അക്കി രാമൻ നമ്പൂതിരിയുടെയും വിഷ്ണു നമ്പൂതിരിയുടെയും പിൻമുറക്കാരായ ഗോവിന്ദമേനോനും കൃഷ്ണമേനോനും മതം മാറി മുഹമ്മദ് മൂപ്പനും മൊയ്തീൻ മൂപ്പനുമായെന്ന് ചരിത്രം. പ്രതാപികളായ മൂപ്പന്മാർ പല വഴികളിലായി പിരിഞ്ഞെങ്കിലും വൈവാഹിക ബന്ധങ്ങളിലൂടെ തലമുറകൾ ഏലൂർ-കൽപകഞ്ചേരി-ചെമ്പ്ര ബന്ധം കാത്തുസൂക്ഷിക്കുന്നു.