കൊച്ചി: ഒന്നര ദിവസത്തെ ജീവനക്കാരുടെ കഠിനാദ്ധ്വാനം. ഉദ്യോഗസ്ഥരുടെ ഒറ്രക്കെട്ടായ ഏകോപനം. മൂന്ന് ദിവസത്തോളം പൊന്നുരുന്നി-വൈറ്റിലക്കാരുടെ വെള്ളംകുടി മുട്ടിച്ച ബി.പി.സി.എൽ എണ്ണക്കുഴലിലെ ചോർച്ച ഇന്നലെ ഉച്ചയോടെ പൂ‌ർണമായി പരിഹരിച്ചു. വൈകിട്ടോടു കൂടി വീടുകളിൽ വെള്ളവുമെത്തി. പൈപ്പ് വെള്ളം ഉപയോഗിച്ച് നാളെ വരെ ആഹാരം പാകം ചെയ്യാൻ പാടില്ലെന്ന കർശനം നി‌ർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു ശേഷം പഴയതുപോലെ വെള്ളം ഉപയോഗിക്കാം.

ഉദ്യോഗസ്ഥരേയും നാട്ടുകാരെയും കുഴക്കിയ എണ്ണച്ചോ‌‌ർന്ന ഇന്നലെ രാവിലെ 11.30ഓടെയാണ് കണ്ടെത്തിയത്. ഈ ഭാഗത്ത് കുഴിയെടുക്കൽ ശ്രമകരമായതാണ് ദൗത്യം നീളാൻ കാരണം. ചോർച്ച കണ്ടെത്തിയതോടെ മറ്റ് നടപടികൾ വേഗത്തിലായി. ബി.പി.സി.എല്ലിലെ വിദഗ്ദ്ധരെത്തി നിമിഷ നേരം കൊണ്ട് ചോ‌ർച്ചയടച്ചു. പിന്നീട് സുരക്ഷ ഉറപ്പാക്കാൻ പൈപ്പിൽ ക്ലാമ്പുകൾ ഘടിപ്പിക്കുകയും ചെയ്തു. അര മണിക്കൂ‌ർ മാത്രമാണ് ഇതിനായി വേണ്ടിവന്നത്. ശേഷം ജലവിതരണ പൈപ്പിലെ ചോർച്ചയും പൂ‌ർണമായി പരിഹരിച്ചു. മലിനജലം കയറുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പമ്പിംഗ് പുനരാരംഭിച്ചത്.

രാജേന്ദ്ര മൈതാനത്തിന് നിന്ന് റിഫൈനറിയിലേക്ക് പെട്രോളിയം ഉത്പന്നം എത്തിക്കുന്ന പൈപ്പുകൾ പൊന്നുരുന്നി പാലത്തിന് താഴെയുള്ള ഭാഗം വഴിയാണ് കടന്നുപോകുന്നത്. ഇവിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണ്ണിൽ എണ്ണമയവും ഡീസലിന്റെ മണവും അനുഭവപ്പെട്ടിരുന്നു. പൈപ്പിന് ലീക്ക് ഉണ്ടായിട്ടുണ്ടാകാമെന്ന സംശയം പ്രദേശവാസികൾ ഉന്നയിച്ചെങ്കിലും ചോർച്ച ഉണ്ടായാൽ അതറിയാനുള്ള സംവിധാനം റിഫൈനറിയിൽ ഉള്ളതിനാൽ ഉദ്യോഗസ്ഥർ ആദ്യം നിഷേധിച്ചു. പിന്നീട് കുടിവെള്ളത്തിൽ പെട്രോളിയത്തിന്റെ സാന്നിദ്ധ്യം കണ്ടതോടെയാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ബി.പി.സി.എല്ലിെന്റ നേതൃത്വത്തിൽ ശനിയാഴ്ച പകൽ മുഴുവൻ നീണ്ടു നിന്ന പരിശോധന നടത്തിയെങ്കിലും ചോർച്ച കണ്ടെത്താനോ പരിഹരിക്കാനോ കഴിഞ്ഞില്ല. രാത്രി നിർത്തിവച്ച പരിശോധന ഞായറാഴ്ച പുലർച്ചെ വീണ്ടും തുടങ്ങി. ഇതിലാണ് ചോർച്ച കണ്ടെത്തിയത്.

ഏഴിൽ ഒന്ന്

അമ്പലമുകളിലെ ബി.പി.സി.എൽ റിഫൈനറിയിൽ നിന്ന് എറണാകുളത്തെ പോർട്ട് ട്രസ്റ്റിനു കീഴിലുള്ള ടാങ്കർ ബെർത്തുകളിലേക്ക് ഹൈഡ്രോകാർബൺ എത്തിക്കുന്ന പൈപ് ലൈനാണ് ഇതുവഴി കടന്നുപോവുന്നത്. ഏഴോളം പൈപ്പുകൾ ഇതുവഴി കടന്നുപോവുന്നുണ്ട്. ഇതിലൊന്നിലാണ് ചോർച്ചയുണ്ടായത്. ഇതേ തുടർന്ന് പെട്രോളിയം വിതരണം താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.കൂടുതൽ പരിശോധനകൾക്കു ശേഷമേ ഇതുവഴി പെട്രോളിയം പ്രസരണം പുന:സ്ഥാപിക്കുകയുള്ളൂ.

കുടിവെള്ളം മുടങ്ങിയത്

.വൈറ്റില

.ചമ്പക്കര

.കടവന്ത്ര

.പൊന്നുരുന്നി

.തൈക്കുടം

.പേട്ട

.വൈറ്റില ഹബ്

കുഞ്ഞു ദ്വാരം

രണ്ട് ഈർക്കിൽ കയറാവുന്ന ചോർച്ചയാണ് പൈപ്പിലുണ്ടായത്. മാത്രമല്ല പ്രദേശത്ത് മൂന്നടി താഴ്ത്തിയാൽ വെള്ളവും ലഭിക്കും. പ്രെട്രോളിയം ഉത്പന്നം പുറത്തുവരികയും പൈപ്പിന് മുകളിലെ കറുത്ത കോട്ടിംഗ് ഇളകുകയും ചെയ്തിരുന്നു. ഇത് കുടിവെള്ള പൈപ്പിലെ വാൽവിലൂടെയാണ് ശുദ്ധജലത്തിൽ കലർന്നത്.

 സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചോർച്ച കണ്ടെത്തിയത്. വേഗത്തിൽ പരിഹാരം കണ്ടെത്താനായി

ഫില്ലി ചെറിയാൻ

ഡി.ജി.എം, ഓയിൽ മൂവ്മെന്റ്

ബി.പി.സി.എ, കൊച്ചി