pic

കോതമംഗലം :തിരുവിതാംകൂർ ഭരണകാലത്ത് ബ്രിട്ടീഷുകാർ നിർമിച്ച പാതയായ പഴയ ആലുവാ മൂന്നാർ റോഡ് പുനർനിർമിക്കാനായുള്ള ജനകീയമുന്നേറ്റം ശക്തമാകുന്നു. ആലുവയിൽ നിന്നും കോതമംഗലം കീരംപാറ - കുട്ടമ്പുഴ - പൂയംകുട്ടി - മാങ്കുളം - ലക്ഷ്‌മി എസ്റ്റേറ്റ് വഴി മൂന്നാറിൽ എത്താൻ കഴിയുമായിരുന്ന ഈ വഴി, മൂന്നാറിൽ എത്താൻ കയറ്റങ്ങളും തിരിവുകളും ഏറ്റവും കുറഞ്ഞതും ദൂരക്കുറവുള്ളതുമാണ്. തൊണ്ണൂറ്റൊമ്പത്തിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924 ലെ മഹാപ്രളയത്തിൽ ഈ പാതയിൽ കരിന്തിരി എന്ന പ്രദേശത്ത് വച്ച് ഒരു മലയിടിഞ്ഞ് ഈ റോഡ് അടയുകയും, ഇതുവഴിയുള്ള ഗതാഗതം സ്തംഭിക്കുകയും ചെയ്തു. അക്കാലങ്ങളിൽ അടിമാലി ഭാഗത്തേയ്ക്ക് ഉണ്ടായിരുന്ന കുടിയേറ്റം അധികമായിരുന്നതിനാൽ ജനവാസമേഖലയിലൂടെ പുതിയ റോഡ് നിർമിക്കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ അടിമാലി വഴി മൂന്നാറിലേക്ക് പുതിയ റോഡ് വരികയുമാണ് ചെയ്തത്.

ഇന്ന് പി.ഡബ്ലൂ.ഡി ലിസ്റ്റിലുള്ള ഈ പഴയ ആലുവാ മൂന്നാർ രാജപാതയിൽ, പൂയംകുട്ടിയിൽ നിന്നും മാങ്കുളം വരെയുള്ള ഭാഗങ്ങളിൽ ഫോറസ്റ്റുകാർ റോഡ് കയ്യേറി പോസ്റ്റ് സ്ഥാപിച്ച് പൊതുഗതാഗതം തടഞ്ഞിരിക്കുകയാണ്. കുട്ടമ്പുഴ ഗ്രാമവികസന സമിതിയുടെയും, മാങ്കുളം ഫീനിക്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ, പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെയുള്ള ഭാഗങ്ങൾ പരിശോധിച്ചതിൽ, വഴിയുടെ സർവേ കല്ലുകളും, പഴയ ക്യാമ്പ്ഷെഡ്ഡുകളുടെ ശേഷിപ്പുകളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ വഴിയിൽ ഈറ്റച്ചോലകൾ വളർന്നു നിൽപ്പുണ്ടെങ്കിലും, മരങ്ങൾ ഒന്നും വളർന്നു നിൽപ്പില്ലാത്തതിനാൽ ഒരു മരം പോലും മുറിച്ചുമാറ്റേണ്ടി വരുന്നില്ല.

ഈ വഴി പുനർനിർമിക്കപ്പെടുന്നതുമൂലം അത് ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടമ്പുഴ - മാങ്കുളം പഞ്ചായത്തുകളുടെ വികസനത്തിന് നാഴികക്കല്ലാകും. ഈ പഞ്ചായത്തുകൾ ടൂറിസം ഗ്രാമമായി മാറുന്നതോടൊപ്പം ടൂറിസം വഴി നിരവധി പേർക്ക് ഇവിടെ തൊഴിൽ ലഭിക്കും. മേട്ട്നാപാറ, കുറത്തിക്കുടി പോലുള്ള പിന്നോക്കവിഭാഗപ്രദേശങ്ങളിലേയ്ക്ക് അടിസ്ഥാന സൗകര്യ വികസനമുണ്ടാകും. മാങ്കുളം - ആനക്കുളം പോലുള്ള പ്രദേശങ്ങളിൽ നിന്നും ഇന്ന് കോതമംഗലത്ത് എത്താൻ അടിമാലി - നേര്യമംഗലം വഴി 80 കിലോമീറ്ററുകൾ സഞ്ചരിക്കുന്നവർക്ക് പൂയംകുട്ടി - കുട്ടമ്പുഴ വഴി വെറും 42 കിലോമീറ്ററുകൾ കൊണ്ട് കോതമംഗലം എത്താൻ സാധിക്കും.

1980 ലെ ഫോറസ്റ്റ് കണ്സർവേഷൻ ആക്റ്റ് അനുസരിച്ച് 1980 ന് മുൻപ് വനത്തിലൂടെ ആളുകൾ സഞ്ചരിച്ചിരുന്ന റോഡുകൾ (മണ്ണ് റോഡ് ആയാൽപോലും) പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ അവകാശമുള്ളതാണെന്നിരിക്കെ, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കടുംപിടുത്തം മൂലം ജനങ്ങൾക്ക് ഈ വഴിയുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ വസ്തുതകളുടെ നിരീക്ഷണത്തിലാണ് ജനസംരക്ഷണസമിതിയുടെയും, ട്രോൾ കുട്ടമ്പുഴയുടെയും നേതൃത്വത്തിൽ ഇപ്പോൾ ഒരു ജനകീയമുന്നേറ്റസമിതി രൂപപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ഗ്രാമവികസനസമിതിയും, ഫീനിക്സ് ക്ലബ്ബും ചേർന്നതോടെ ഈ വഴി വരുന്നത് മൂലമുള്ള നേട്ടങ്ങൾ തിരിച്ചറിഞ്ഞ് കുട്ടമ്പുഴ - മാങ്കുളം നിവാസികൾ ഇപ്പോൾ പാർട്ടി നേതൃത്വങ്ങളോട് ഈ റോഡ് തുറന്നുതരണം എന്ന് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.