അയ്യോ, ഡോക്ടറെ വേദന സഹിക്കാനാവുന്നില്ല, ഈ പല്ലൊന്ന് പറിച്ചുകളയണം.! ദന്തൽ ക്ലിനിക്കുകളിൽ എത്തുന്ന ബഹുഭൂരിപക്ഷം ആളുകളുടെയും പ്രധാന ആവശ്യമാണിത്. കേടായ പല്ല്, വേദനയുളവാക്കുന്ന പല്ല് പറിച്ചുകളയുക. അതും ഉടനടിവേണം. രോഗി തന്നെ ചികിത്സ നിശ്ചയിക്കുന്നതാണ് ഈ രീതി. എന്നാൽ ദന്താശുപത്രികളുടെ ദൗത്യം പല്ലുപറിക്കലല്ല, പല്ലിന്റെ ആരോഗ്യം സംരക്ഷിക്കലാണെന്ന് എത്രപേർക്ക് അറിയാം? അതെ, ദന്താശുപത്രികളുടെ പരമപ്രധാനമായ കർത്തവ്യം ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള സമ്പൂർണ ദന്തനിര സംരക്ഷിച്ചു നിലിനിറുത്തുക എന്നതാണ്. അതേക്കുറിച്ച് എറണാകുളം തോപ്പുംപടി 'ഔട്ട്ലുക്ക്' (OUTLUK) സെന്റർ ഫോർ അഡ്വാൻസ് ഡെന്റിസ്ട്രിയിലെ ചീഫ് സർജൻ ഡോ. ഷിബു ശ്രീധർ സംസാരിക്കുന്നു.
ദന്തസംരക്ഷണം ശാസ്ത്രീയവശം
സമൂഹം കരുതിവച്ചിരിക്കുന്നതുപോലെ പല്ല് പറിക്കലല്ല യഥാർത്ഥ ദന്തസംരക്ഷണം. മുളച്ചകാലം മുതൽ മരണം വരെ കൂടെയുണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട അവയവമാണ് പല്ല്. കഠിനമായ വേദനയൊ മറ്റേതെങ്കിലും അസ്വസ്ഥതകളൊ ഉണ്ടായാൽ പല്ല് പറിച്ചുകളയാൻ പറയുന്നത് എളുപ്പമാണ് പക്ഷെ, അതുമൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ നികത്താനാവുന്നതല്ല. അത് ആ വ്യക്തിയുടെ ജീവിതകാലം മുഴുവൻ നേരിടുന്ന ആരോഗ്യപ്രശ്നമായി മാറാം. പല്ല് പറിക്കൽ എന്നത് ഒരു ചെറു ശസ്ത്രക്രിയ ആണ് (minor surgical procedure). എന്നാൽ ചില സന്ദർഭങ്ങളിൽ അതിന്റെ സങ്കീർണതയും ഏറാം. (ഉദാ. വിസ്ഡം ടൂത്ത്). ചില പ്രത്യാഘാതങ്ങൾക്കും അത് കാരണമാവാം (surgical complications). അതുകൊണ്ട് അനിവാര്യഘട്ടങ്ങളിൽ മാത്രം പല്ലുപറിക്കുന്നതാണ് ഉചിതം.
പല്ലിനുണ്ടാകുന്ന പുളിപ്പ്, വേദന, കേട് തുടങ്ങിയ പ്രശ്നങ്ങൾ ഒരു വ്യക്തിയുടെ ദിനചര്യകളെ പല രീതിയിൽ ബാധിച്ചേക്കാം. ആഹാരം നന്നായി ചവച്ച് അരയ്ക്കാനാവാതെ വന്നാൽ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും. അതെത്തുടങ്ങി അനാരോഗ്യ പ്രവണതകളുടെ ഒരു ചങ്ങലതന്നെ സൃഷ്ടിക്കപ്പെടാൻ കാരണമാകും.അതുകൊണ്ട് ശരിയായ ദന്തപരിപാലനവും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി ശരിയായ സംരക്ഷണമാർഗങ്ങളും അവലംബിച്ച് മരണംവരെ നൈസർഗീകമായി നിലനിറുത്തേണ്ട അവയവം തന്നെയാണ് പല്ല്. മറ്റ് ഏതൊരു രോഗവുമെന്നതുപോലെ, തുടക്കത്തിലെ പ്രശ്നങ്ങൾ കണ്ടെത്തിയാൽ ദന്തക്ഷയവും ശാശ്വതമായി പരിഹരിക്കാൻ സാധിക്കും. ഇനി, അഥവാ കേടുവന്ന് കുറേഭാഗം ദ്രവിച്ചുപോയതിന് ശേഷമാണെങ്കിൽപോലും പലപ്പോഴും അവയെ നമുക്ക് സംരക്ഷിച്ചുനിറുത്താനുള്ള സാങ്കേതിക വിദ്യകൾ ഇന്ന് സുലഭമാണ്.
സാധാരണ മദ്ധ്യവയസ്കരും അതിനുമുകളിലുള്ളവരും പല്ല് വേദനയുണ്ടായാൽ പറിച്ചുകളയുക എന്ന ഒരേയൊരു പരിഹാരത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഇത്രയും പ്രായമായില്ലെ ഇനി ഈ വേദനസഹിച്ച് പല്ല് സംരക്ഷിക്കേണ്ടകാര്യമുണ്ടോ എന്നൊക്കെയാണ് അവരുടെ ചോദ്യം. എന്നാൽ ഇവിടെ എല്ലാവരും മനസിലാക്കേണ്ട ഒരു വസ്തുതയുണ്ട്. ഇന്നത്തെ ആഹാരരീതി അനുസരിച്ച് വൃദ്ധരായ ആളുകൾക്ക് ആരോഗ്യമുള്ള പല്ല് നിർബന്ധമാണ്. പ്രായാധിക്യത്താൽ ദഹനപ്രക്രീയയിൽ വ്യതിയാനങ്ങൾ സംഭവിക്കാവുന്നതാണ്. തന്മൂലം ആഹാരം നന്നായി ചവച്ചരച്ച് കഴിക്കേണ്ടത് ഒരു അനിവാര്യതയാണ്. ഈ വസ്തുതകൾ ഏത് വയസിലും പല്ല് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. അതുകൊണ്ട് യുവത്വത്തിൽ ഉണ്ടായിരുന്നതിനേക്കാൾ നല്ല ആരോഗ്യമുള്ള പല്ല് ജീവിതസായാഹ്നത്തിലും അനിവാര്യമാണ്.നമ്മുടെ മുഖസൗന്ദര്യത്തിൽ പല്ലുകളുടെ സ്ഥാനം ചെറുതല്ല. നല്ല പല്ലുകളും ഒരു നല്ല പുഞ്ചിരിയും തീർച്ചയായും ഏതൊരു വ്യക്തിയുടെയും ആകർഷണീയത വർദ്ധിപ്പിക്കും. ചിരിയും വ്യക്തിത്വവും തമ്മിൽ വലിയ ബന്ധമുണ്ട്. ആ ചിരിയുടെ പിന്നിലും പല്ല് താരമാണ്.
ദന്തസംരക്ഷണ മാർഗങ്ങൾ
ദിനചര്യയുടെ ഭാഗമാണ് ദന്തസംരക്ഷണം. എന്നാൽ പല്ല് വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് ചോദിച്ചാൽ പലരും പല അഭിപ്രായങ്ങൾ പറയും. പേസ്റ്റ്, പൗഡർ, ഉമിക്കരി തുടങ്ങി പല വസ്തുക്കളും ദന്തശുചീകരണത്തിന് ഉപയോഗിക്കാറുണ്ട്. പക്ഷേ ഫലപ്രദമായ ബ്രഷിംഗ് രീതി പലർക്കും അറിയില്ല. ചിലർ ബ്രഷ് പല്ലിൽ അമർത്തി അതിശക്തിയായി ബ്രഷ് ചെയ്യും, മറ്റുചിലർ പത്തും പതിനഞ്ചും മിനിറ്റ് വരെ ബ്രഷ് ചെയ്യും. ഇത്തരം ബ്രഷിംഗ് രീതികൾ പല്ലിന്റെ ഇനാമലിനെ ഗുരുതരമായി ബാധിക്കും. അതോടൊപ്പം മോണയ്ക്കും കേടുപാടുണ്ടാകാം. പേസ്റ്റിന്റെ കാര്യത്തിലാണെങ്കിൽ പരസ്യത്തിൽ കാണുന്നതെല്ലാം യാഥാർത്ഥ്യമാണെന്ന് തെറ്റിദ്ധരിക്കുന്നവരുമുണ്ട്. ടൂത്ത് പേസ്റ്റ് ഏത് എന്നതല്ല പ്രധാനം. എങ്ങനെ പല്ല് തേയ്ക്കുന്നു എന്നതാണ് പ്രധാനം. വിവിധ തരത്തിൽ, നിറത്തിൽ, ഗുണത്തിൽ പല സ്വാദിലുള്ള പേസ്റ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഏത് പേയ്സ്റ്റ് എന്തിനുവേണ്ടി എന്ന് മനസിലാക്കി വേണം ഉപയോഗിക്കാൻ. പലതും ഒരു ഡെന്റിസ്റ്റിന്റെ ഉപദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടതും ആകുന്നു. പല്ലിന്റെ ബലം വർദ്ധിപ്പിക്കാൻ പലരും കാൽസ്യം ഗുളികകൾ അമിതമായി ഉപയോഗിക്കുന്നതും ഒരു നല്ല പ്രവണതയല്ല. നമുക്കാവശ്യം ചെറുപ്പം മുതൽ, അതായത് സ്കൂൾ വിദ്യാഭ്യാസകാലം മുതൽക്കുതന്നെ ദന്തസംരക്ഷണത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും ദന്തസംരക്ഷണമെന്നാൽ രോഗം വന്നതിനുശേഷം ചികിത്സ ചെയ്യുക എന്നതിലുപരി രോഗം തടയുക എന്ന പ്രവണതയിലേക്ക് ജനങ്ങളെ മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചു. അതിനായി സ്കൂൾ ഡെന്റൽ ഹെൽത്ത് പ്രോഗ്രാം പോലുള്ള പാധ്യപദ്ധതികൾ നടപ്പിലാക്കേണ്ടതും അനിവാര്യമാണ്.
ശരിയായും ശാസ്ത്രീയമായും ബ്രഷ് ചെയ്യുക. കുറഞ്ഞത് ആറ് മാസത്തിൽ ഒരിക്കലെങ്കിലും ദന്താശുപത്രിയിൽ പോയി പല്ലിന്റെ ആരോഗ്യപരിശോധന നടത്തുക. സമീപഭാവിയിൽ പല്ലിന് സംഭവിക്കാൻ ഇടയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി മനസിലാക്കാനും അത് മുളയിലെ നുള്ളാനും കൃത്യമായ ഇടവേളകളിലെ പരിശോധന പ്രയോജനപ്പെടും. അങ്ങനെ സംരക്ഷിക്കുന്ന പല്ലുകൾ പിന്നീട് പറിച്ചുകളയേണ്ട സാഹചര്യം വരില്ല.
മാറേണ്ട പ്രവണത
പല്ലുവേദനയൊ മറ്റ് അസ്വസ്ഥതകളൊ ഉണ്ടായാൽ ഡോക്ടറുടെ സേവനം തേടണം. വേദനയുണ്ടാക്കുന്ന പല്ല് ഉടൻതന്നെ പറിച്ചുമാറ്റണം എന്ന മുൻവിധി പാടില്ല. ഡോക്ടർ വിശദമായി പരിശോധിച്ച ശേഷം പറിച്ചുമാറ്റൽ ഒഴികെയുള്ള സാധ്യതകൾ രോഗിയോട് വിശദീകരിക്കണം. അങ്ങനെ സംരക്ഷിക്കുന്നതുകൊണ്ടുള്ള ഗുണവും പറിച്ചുകളയുന്നതുകൊണ്ടുള്ള ദോഷവും രോഗിയെ പറഞ്ഞുമനസിലാക്കാനുള്ള ഉത്തരവാദിത്വം ഡോക്ടറുടേതാണ്. ഒടിഞ്ഞുപോയതൊ, കേടായതൊ ആയ പല്ലുകൾ അതിന്റെ പൂർവരൂപത്തിൽ ശാസ്ത്രീയമായി പുന:സ്ഥാപിക്കാൻ സാധിക്കും. പറിച്ചുകളഞ്ഞ് കൃത്രിമ പല്ല് വയ്ക്കുന്നതിനേക്കാൾ 100 ശതമാനം ഫലപ്രദമായ മർഗമാണിത്. ഏറ്റവും ചെലവ് കുറഞ്ഞമാർഗമെന്ന നിലയിലാണ് പലരും പല്ലുപറിക്കൽ നിർദ്ദേശിക്കുന്നത്. എന്നാൽ അത് താൽക്കാലിക ലാഭം മാത്രമാണ്. ദന്തശോഷണം കൊണ്ട് സംഭവിക്കാവുന്ന പ്രശ്നങ്ങൾ മുമ്പ് വിവരിച്ചത് ആവർത്തിക്കേണ്ടതില്ല.
മുൻകൂട്ടി അപ്പോയ്ൻമെന്റ്
എടുക്കുക
ദന്തസംബന്ധമായ പ്രശ്നങ്ങൾക്ക് ക്ലീനിക്കൽ എത്തുന്ന ദിവസം തന്നെ പൂർണമായ പരിഹാരം ഉണ്ടാകണമെന്ന് വാശിപിടിക്കരുത്. കൃത്യമായ പരിശോധനകൾക്ക് ശേഷം ഡോക്ടർ നിർദ്ദേശിക്കുന്ന ദിവസമൊ, മുൻകൂട്ടി അപ്പോയ്ൻമെന്റ് ബുക്ക് ചെയ്തൊ ചികിത്സ നടത്തുന്നതാണ് നല്ലത്. ഓരോ രോഗിക്കും ആവശ്യമുള്ള ചികിത്സാ ഉപകരണങ്ങൾ വ്യത്യസ്ഥമാണ്. മുൻകൂട്ടി ബുക്കുചെയ്താൽ ആ രോഗിക്ക് ആവശ്യമായ ഉപകരണങ്ങൾ കൃത്യമായി അണുനശീകരണം വരുത്തി സജ്ജീകരിക്കാൻ ഡോക്ടർക്ക് സാധിക്കും. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നാമെങ്കിലും വളരെ പ്രധാന്യമുള്ള കാര്യമാണിത്.
ഔട്ട് ലുക്കിലെ റെസ്റ്റൊറേറ്റീവ് ഡെന്റിസ്ട്രി
14 വർഷം മുമ്പാണ് ഡോ. ഷിബു ശ്രീധറും ഭാര്യ ഡോ. പ്രീതി എ.എസും തോപ്പുംപടിയിൽ ഔട്ട്ലുക്ക് സെന്റർ ഫോർ അഡ്വാൻസ് ഡെന്റിസ്ട്രി ആരംഭിച്ചത്. ഇവരെ കൂടാതെ ഡോ.ഷിജി ആന്റണി (General Dentist), ഡോ.രാഹുൽ ഭഗീരഥൻ (Orthodontist), ഡോ.കൃഷ്ണകുമാർ (Pedodontist), ഡോ. ശ്രേഷ്ഠസതീശ് (Prosthodontist), ഡോ.ദിൽഷി ഇഷാൻ (Periodontist),ഡോ.അരവിന്ദ് പ്രസാദ് (Periodontist) എന്നിവരും ഔട്ട് ലുക്കിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. പല്ലുപറിക്കൽ എന്ന രീതിക്ക് ഏറ്റവും അവസാനത്തെ പരിഗണനമാത്രമാണ് ഇവിടെ. പല്ലുകൾ നിലനിർത്താനുള്ള ചികിത്സയ്ക്കാണിവിടെ ഇവിടെ പ്രാധാന്യംം. (Endodontics and Restorative Dentistry). കേടുവന്ന പല്ല് നൈസർഗീകമായ രീതിയിൽ പുന:സ്ഥാപിക്കുന്ന ചികിത്സാരീതിയാണിത്. കേട് വന്ന് വളരെ മോശം അവസ്ഥയിലുള്ള പല്ലും പൂർവസ്ഥിതിയിൽ സ്ഥാപിക്കാനാകുമെന്നതാണ് റെസ്റ്റൊറേറ്റീവ് ഡെന്റിസ്ട്രിയുടെ പ്രത്യേകത. അതുപോലെ പല്ലിന്റെ സൗന്ദര്യസംരക്ഷണവും പരമപ്രധാനമാണ്. കൊച്ചുകുട്ടികളുടെ ദന്തസംരക്ഷണത്തിന് പീഡിയാട്രിക് ഡെന്റൽ കെയറും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റഫറൽ കേസുകളാണ് ഇവിടെ എത്തുന്നതിൽ ഏറെയും. ക്ലീനിക്കിലെ സേവനത്തിന് പുറമെ, റെസ്റ്രൊറേറ്റീവ് ഡെന്റിസ്ട്രി ആന്റ് എൻഡോഡോൺട്രിക്സിൽ ട്രെയിനിംഗും പ്രോഗ്രാമുകളും ഡോ. ഷിബു ശ്രീധർ നൽകുന്നുണ്ട്. വിവിധ ബാച്ചുകളിലായി നൂറുകണക്കിന് ഡോക്ടർമാർ ഇതിനോടകം പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. മറ്റെല്ലാ ചികിത്സാരീതിയിലുമെന്നപോലെ കാലഘട്ടത്തിനനുസരിച്ച് സാങ്കേതികവിദ്യയും ശാസ്ത്രബോധവും പരിപോഷിപ്പിക്കേണ്ട മേഖലയാണ് ഡെന്റൽ കെയറുമെന്നാണ് ഡോ. ഷിബുവിന്റെ വിലയിരുത്തൽ. ഏതൊരു ദന്തചികിത്സയ്ക്കുശേഷവും ചികിത്സയേക്കാൾ പ്രാധാന്യം തുടർന്നുള്ള മെയിന്റനൻസ് ഫെയ്സിനാണ്. കൃത്യമായ ഇടവേളകളിലുള്ള ഫോളോ അപ്പ് നിർബന്ധമായും പാലിക്കേണ്ടതാണ്. ഇതുപോലെയുള്ള കാര്യങ്ങളിൽ ഡോ.ഷിബു ശ്രീധർ വളരെയധികം നിഷ്കർഷ നിലനിർത്തുന്നു. ഇതിനായി ഔട്ട്ലുക് ടീം ഡോക്ടർക്ക് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്.
കുടുംബം
കോട്ടയം കുടമാളൂർ കാരയ്ക്കാട്ട് ഇല്ലം ശ്രീധരൻ നമ്പൂതിരിയുടേയും ശ്രീദേവി അന്തർജനത്തിന്റെയും മകനാണ് ഡോ. ഷിബു ശ്രീധർ. ഭാര്യ ഡോ. പ്രീതി കോഴിക്കോട് സ്വദേശിയാണ്.
ഹോബി
യാത്രകൾ, ബൈക്കിംഗ് തുടങ്ങിയവ യാണ് ഡോ. ഷിബു ശ്രീധറിന്റെ പ്രധാന ഹോബികൾ. കഫെ റെയ്സർ ബൈക്കിൽ ലഡാക്ക് സന്ദർശിച്ചതുൾപ്പെടെ നിരവധി യാത്രാനുഭവങ്ങളും ഇദ്ദേഹത്തിനുണ്ട്.