കോലഞ്ചേരി: പെട്രോൾ വില സെഞ്ച്വറിയിലേക്ക് അടുക്കുമ്പോൾ ദുരിതക്കടലിലാവുന്നവർ ഏറെയാണ്. ഇന്ന് ജില്ലയിൽ പെട്രോൾ വില 98.64, ഡീസൽ 73.76 ലുമെത്തി. നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നതിനൊപ്പം സാധരണക്കാരന്റെ കുടുംബ ബഡ്ജറ്റും താളം തെറ്റുകയാണ്. ലോക്ക് ഡൗൺ കാലത്ത് വില കത്തിക്കയറിയാണ് നിൽക്കുന്നതെങ്കിലും പമ്പുകളിൽ കച്ചവടം തീരെയില്ല. ദിവസവും വലിയ അളവിൽ ഇന്ധനം നിറച്ചിരുന്ന വാഹനങ്ങൾ മിക്കതും ഇപ്പോൾ ഓടുന്നില്ല. സ്വകാര്യ ബസുകൾ, ടിപ്പറുകൾ, മ​റ്റു വ്യവസായങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങൾ തുടങ്ങിയവയാണ് പമ്പുകളുടെ പ്രധാന ഇടപാടുകാർ.നേരത്തെ ദിവസം ഒരു ലക്ഷം ലിറ്റർ ഡീസൽ വി​റ്റിരുന്ന പമ്പുകളിൽ ഇപ്പോൾ 20,000 ലി​റ്ററാണ് വിൽക്കുന്നത്. ഒരു വർഷം മുമ്പ് ഒരു ലോഡ് ഇന്ധനം എടുക്കാൻ 8.5 ലക്ഷം രൂപ മതിയായിരുന്നു. ഇപ്പോൾ 11.5 ലക്ഷം വേണം. വ്യാപാരം കുറയുകയും ചെയ്തു.

ഡീസൽ വില കുതിക്കുമ്പോൾ ഓട്ടോക്കാരുടെ കാര്യമാണ് ഏറെ കഷ്ടം. ഓട്ടം തീരെ കുറഞ്ഞു. 300 രൂപയുടെ ഓട്ടം പോലും കിട്ടാത്ത ദിവസങ്ങളുണ്ട്. വാടകയ്ക്ക് ഓട്ടോ ഓടിക്കുന്നവരുടെ ദുരിതം ഇരട്ടിയാണ്. ദിവസം 300 രൂപയ്ക്ക് ഓടിയാൽ 200 രൂപ വാടക ഇനത്തിൽ നൽകേണ്ടി വരും. സമാനമാണ് മറ്റു ടാക്സി വാഹനങ്ങളുടെയും അവസ്ഥ. ഡെലിവറി ബോയ്സാണ് ഇന്ധന വില വർദ്ധനവിൽ നട്ടം തിരിയുന്ന മറ്റൊരു കൂട്ടർ. വീട്ടിലെ ബുദ്ധിമുട്ടുകൊണ്ടാണ് കൊവിഡ് സാഹചര്യത്തിലും പലരും ഓൺലൈൻ ഡെലിവറിക്കുൾപ്പെടെ പോകുന്നത്. ഇതിൽ നിന്നുള്ള വരുമാനത്തിലെ നല്ലൊരു ശതമാനവും ഇന്ധനത്തിന് ചെലവാകും. വണ്ടിയുടെ വായ്പ അടണം ഓർഡറുകളുടെ ദൂരം കൂടുന്നതനുസരിച്ച് ദിവസം 200 രൂപയ്ക്കുവരെ പെട്രോൾ അടിക്കേണ്ടി വരുന്നുണ്ട്. വേറെ ഒരു വരുമാനവുമില്ലാത്തതു കൊണ്ടാണ് പലരും ഈ ജോലിക്കിറങ്ങുന്നത്. കൊവിഡ് വന്നതോടെ ഓർഡറുകളുടെ എണ്ണം കുറഞ്ഞു. പലദിവസങ്ങളിലും 500 രൂപ പോലും കിട്ടാറില്ലെന്നാണ് ഇവർ പറയുന്നത്. ഇരുചക്ര വാഹനത്തിൽ മീനെത്തിക്കുന്നവരുടെയും ഗതി ഇതു തന്നെയാണ്. പലയിടത്തും ഓടിയെത്തിയാണ് മീൻ കച്ചവടം. മീനിനു തീവിലയാണ്. പൊതുവെ കച്ചവടം കുറവുമാണ് അതിനിടയിലാണ് ഇന്ധനവില വർദ്ധനവും. കച്ചവടവുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്.

ലോക്ക് ഡൗണിൽ മറ്റൊരു ജീവിതമാർഗമില്ലാത്തതിനാലാണ് ഓൺലൈൻ വില്പന കേന്ദ്രത്തിലെ ഡെലിവറിക്കായി ചേർന്നത്. പെട്രോൾ വില കൂ‌ടുന്നതോ‌ടെ പ്രതി ദിന വരുമാനം കുറയുകയാണ്. മറ്റു മാർഗമൊന്നുമില്ലാത്തതിനാൽ കുടുംബത്തെ പട്ടിണിയിലാക്കാതിരിക്കാൻ ജോലി തുടരുകയാണ്. സുമിത് മോഹൻ, ഡെലിവറി ബോയ്, കോലഞ്ചേരി പുലർച്ചെ മാർക്കറ്റിൽ പോയി മീനെടുത്ത് വിറ്റു തീർത്താൽ കുടുംബം കഴിഞ്ഞു പോകാമായിരുന്നു. മീൻ വില കൂടിയതോടെ കച്ചവടം കുറഞ്ഞു, വിറ്റു തീർക്കാൻ നേരത്തെ ഓടിയതിലും കൂടുതൽ ഓടണം. പെട്രോളിന്റെ വില ഇങ്ങനെ കൂടിയാൽ മറ്റെന്തെങ്കിലും പണി തേടേണ്ടി വരും. കെ.കെ. കബീർ, മീൻ വില്പനക്കാരൻ, പട്ടിമറ്റം