bus
സ്ക്രാപ്പ് ചലഞ്ച്‌ വഴി സമാഹരിച്ച തുക കൊണ്ട്‌ ബസ് ജീവനക്കാർക്കുള്ള ഭക്ഷ്യകിറ്റ് വിതരണം അങ്കമാലി മുനിസിപ്പൽ ചെയർമാൻ റെജി മാത്യു നിർവഹിക്കുന്നു

അങ്കമാലി: മാസങ്ങളായി ഓടാതെകിടക്കുന്ന ബസുകളിലെ ഉപയോഗശൂന്യമായ സ്പെയർസ്പാർട്സുകൾ ശേഖരിച്ച് സ്വകാര്യബസ് ജീവനക്കാർക്ക് അന്നത്തിനുള്ള വഴി കണ്ടെത്തുകയാണ് ഒരുകൂട്ടം ബസ് ഉടമകൾ. ആക്രി വിറ്റുണ്ടാക്കിയ പണംകൊണ്ട് ഈ മേഖലയിലെ മുന്നൂറോളം ജീവനക്കാർക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. അങ്കമാലി നഗരസഭ ചെയർമാൻ റെജി മാത്യു വിതരണോദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് എ.പി. ജിബി അദ്ധ്യക്ഷത വഹിച്ചു. കാലടി ഫാ. ജോൺ പുതുവ, കൗൺസിലർ അജിത ഷൈജു, ബി.ഓ. ഡേവിസ്, ജോളി തോമസ്, ടി.എസ്. സിജുകുമാർ, ജോമോൻ വർഗീസ്, ജിനു പോൾ എന്നിവർ പങ്കെടുത്തു.

കൊവിഡ് കാലത്ത് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് രണ്ടുതവണ ജീവനക്കാർക്ക് സാമ്പത്തികസഹായം നൽകിയിരുന്നെങ്കിലും ക്ഷേമനിധിയിൽ അംഗത്വമില്ലാത്തതിനാൽ കുറച്ചുപേർക്ക് മാത്രമാണ് ഈ അനുകൂല്യം ലഭിച്ചത്. ആദ്യ ലോക്ക്‌ ഡൗൺ കാലഘട്ടത്തിൽ ബസുടമകൾ കഴിയാവുന്ന രീതിയിൽ ജീവനക്കാരെ സഹായിച്ചെങ്കിലും രണ്ടാം തരംഗത്തിൽ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെ വന്നപ്പോഴാണ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉടമകളുടെ വീടുകളിൽ നിന്ന് ആക്രിസാധനങ്ങൾ ശേഖരിച്ചു ഭക്ഷ്യക്കിറ്റിനുള്ള പണം കണ്ടെത്തിയത്.