വൈപ്പിൻ: നായരമ്പലം പഞ്ചായത്ത് ശ്മശാനം അടച്ചിട്ടിട്ട് നാലുമാസം കഴിഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി ഫണ്ട് ഉപയോഗിച്ച് ശ്മശാനത്തിന്റെ നവീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനായിരുന്നു അടച്ചിട്ടത്. പക്ഷേ നിർമ്മാണ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ്. ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കുന്നതിലെ പ്രശ്‌നങ്ങളും മേൽനോട്ടം വഹിക്കുന്ന എൻജിനീയർക്ക് കൊവിഡ് ബാധിച്ചതും മൂലമാണ് നിർമ്മാണം ഇടയ്ക്കിടെ മുടങ്ങിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദിന്റെ വിശദീകരണം. തെങ്ങിൻ കുറ്റികൾ ഉപയോഗിച്ചുള്ള പൈലിംഗ് പൂർത്തിയായെന്നും പൈലിംഗിനാണ് താമസം ഉണ്ടായതെന്നും ഇനിയുള്ള ജോലികൾ വേഗത്തിൽ നടക്കുമെന്നും വൈസ് പ്രസിഡന്റ് ജോബി വർഗീസും പറയുന്നു.
നിർമ്മാണം നിർത്തിവയ്ക്കേണ്ട കാര്യമില്ലെന്ന്
അതേസമയം ഫണ്ട് അനുവദിച്ചതിന് ശേഷമാണ് നിർമ്മാണം തുടങ്ങിയതെന്നും ഓരോഘട്ടം കഴിയുമ്പോൾ പാർട്ട് ബില്ലെഴുതി തുക ഈടാക്കാമെന്നിരിക്കെ ഫണ്ടിന്റെ പേരുപറഞ്ഞ് നിർമ്മാണം നിർത്തിവയ്ക്കേണ്ട കാര്യമില്ലെന്നുമാണ് ഡി.വൈ.എഫ്.ഐ നേതാക്കളുടെ നിലപാട്. ശ്മശാനം പ്രവർത്തിക്കുന്നതിന് തടസമില്ലാത്ത തരത്തിലുള്ള പണിയാണ് ഇപ്പോൾ നടക്കുന്നത്. നവീകരണത്തിന്റെ അവസാനഘട്ടത്തിൽ മാത്രമേ ശ്മശാനം അടച്ചിടേണ്ട കാര്യമുള്ളൂവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ നായരമ്പലത്ത് നടത്തേണ്ട സംസ്‌കാരങ്ങൾ കിലോമീറ്ററുകൾ അകലെയുള്ള മുരിക്കുംപാടം, ചെറായി, എന്നിവിടങ്ങളിലാണ് ഇപ്പോൾ നടത്തുന്നത്. ഇതിനാൽ പലപ്പോഴും രണ്ടും മൂന്നും മണിക്കൂർ ഊഴം കാത്തിരിക്കേണ്ട അവസ്ഥയാണ്. കൊവിഡ് മരണങ്ങളുടെ എണ്ണംകൂടുന്ന സാഹചര്യത്തിൽ ഈ കാത്ത് നില്പ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
കൊവിഡ് ബാധിതരുടെ സംസ്‌കാരം നടത്തുന്നതിന് നേതൃത്വം നൽകുന്നത് സന്നദ്ധപ്രവർത്തകരാണ്. മൃതദേഹം ഏറ്റുവാങ്ങുന്നതിന് മുൻപ് പി.പി.ഇ കിറ്റ് ധരിച്ച് നിൽക്കുന്ന സന്നദ്ധപ്രവർത്തകർ കിലോമീറ്ററുകൾ യാത്രചെയ്യണ്ടി വരുന്നതും ശ്മശാനത്തിൽ എത്തിയാൽ ഊഴം കാത്ത് നിൽക്കേണ്ടിവരുന്നതും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് ഡി.വൈ.എഫ്.വൈ പ്രവർത്തകൻ അഖിൽ ചൂണ്ടിക്കാട്ടി. നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്നും സംസ്‌കാരത്തിന് തടസമില്ലാത്ത പണികൾ നടക്കുമ്പോൾ ശ്മശാനം തുറന്നുകൊടുക്കണമെന്നും ഡി.വൈ.എഫ്.ഐ. നായരമ്പലം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.