പറവൂർ: പറവൂർ മണ്ഡലത്തിലെ ഏഴിക്കര ഗ്രാമപഞ്ചായത്തിൽ പതിനൊന്നും പന്ത്രണ്ടും വാർഡുകളെ ബന്ധിപ്പിക്കുന്ന പുത്തൻതോടിന് കുറുകെയുള്ള ലങ്കാപാലത്തിന്റെ നിർമ്മാണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ്, ജില്ലാ പഞ്ചായത്ത് ഷാരോൺ പനക്കൽ, പി. പദ്മകുമാരി, സി.എം. രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിച്ച് സഞ്ചാരയോഗ്യമല്ലാതായ പാലം പുതുക്കിപ്പണിയുക എന്നത് 23 കുടുംബങ്ങൾ ഉൾപ്പെടുന്ന ലങ്കാ നിവാസികളുടെ നിരന്തര ആവശ്യമായിരുന്നു. പാലം തകർന്നതോടെ നടക്കാൻപോലും പറ്റാത്ത അവസ്ഥയായിരുന്നു. എം.എൽ.എയുടെ ആസ്തിവികസന സ്കീമിൽ ഉൾപ്പെടുത്തി 93 ലക്ഷം രൂപ അനുവദിച്ചു. മേജർ ഇറിഗേഷൻ വകുപ്പിനാണ് നിർമാണച്ചുമതല. ആറുമാസമാണ് കാലാവധി. കേടുവന്ന പാലം പൂർണമായി പൊളിച്ചുനീക്കി പൈൽ ഫൗണ്ടേഷനോടെ 18 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമാണ് പുതിയപാലം നിർമ്മിക്കുന്നത്.