വൈപ്പിൻ: എടവനക്കാട് മായാബസാറിൽ ലഹരി മാഫിയാ സംഘത്തെ ചോദ്യം ചെയ്ത യുവാവിന് വെട്ടേറ്റു. എടവനക്കാട് കുട്ടേപ്പടി ലൈസലിനാണ് (32) വെട്ടേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര സ്വദേശി ജാസൽ (19) അറസ്റ്റിലായി. പ്രധാന പ്രതി കുഴുപ്പിള്ളി സ്വദേശി ആദർശ് പരിക്കേറ്റ് ആശുപത്രിയിലാണ്. ഇയാൾ പള്ളത്താംകുളങ്ങര ബീച്ചിൽ തമിഴ്‌നാട്ടുകാരനായ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ബാക്കി പ്രതികൾ ഒളിവിലാണ്.
പ്രദേശത്ത് കുറ്റികാടുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയും നടക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്യുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും കയ്യേറ്റം ചെയ്യുന്നതും പതിവാണ്. ഇതിനിടെ സ്ത്രീകളെ ശല്യപ്പെടുത്താനും തുടങ്ങി. ഇത് ചോദ്യം ചെയ്തതിനാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്.