elephentattack
കാട്ടാനക്കൂട്ടത്തിൽ നിന്നും രക്ഷപ്പെട്ട എൽസി

അങ്കമാലി:കാലടി പ്ലാന്റേഷനിൽ സ്കൂട്ടറിൽ ജോലിക്കു പോകവേ കാട്ടാനയുടെ മുന്നിലകപ്പെട്ട ടാപ്പിംഗ് തൊഴിലാളി തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. സ്കൂട്ടറിൽ നിന്നു വീണ അയ്യമ്പുഴ ചീനഞ്ചിറയിൽ എൽസിയെ (53) ചവിട്ടാൻ കാട്ടാന മുൻകാൽ ഉയർത്തിയെങ്കിലും മറ്റ് തൊഴിലാളികൾ ഒച്ചവച്ചതോടെ ‌ആന പിന്തിരിയുകയായിരുന്നു. ഇന്നലെ പുലർച്ചെ 5.50ന് കല്ലാല എസ്റ്റേറ്റിൽ 13–ാം ബ്ലോക്കിലായിരുന്നു സം‌ഭവം. ചെക് പോസ്റ്റിനു സമീപത്തു നിന്ന് സഹതൊഴിലാളിയോടൊപ്പം സ്കൂട്ടറിൽ ഹാജർ നൽകാൻ ഓഫിസിലേക്കു പോകുമ്പോഴാണ് എൽസി മൂന്ന് കാട്ടാനകളുടെ മുന്നിൽ അകപ്പെട്ടത്. പെട്ടെന്ന് സ്കൂട്ടർ വെട്ടിച്ചപ്പോൾ എൽസി റോഡിൽ വീണു. സ്കൂട്ടർ ഓടിച്ചിരുന്ന തൊഴിലാളി ഷാജി കുറച്ചുദൂരം പോയ ശേഷവും വീണു. എൽസി കാട്ടാനക്കൂട്ടത്തിന്റെ മുന്നിലാണ് വീണത്. കൂട്ടത്തിലെ കൊമ്പൻ ചവിട്ടാനായി കാൽ ഉയർത്തിയപ്പോഴേക്കും എൽസി നിലവിളിച്ചു. പിന്നിൽ വാഹനത്തിലും നടന്നും വരികയായിരുന്ന മറ്റ് തൊഴിലാളികളും ബഹളം ഉണ്ടാക്കിയതോടെ ചവിട്ടാൻ ഉയർത്തിയ കാൽ നീട്ടിവച്ച് കാട്ടാന കടന്നുപോയി. തലയ്ക്കും ഇടതുകാലിനും പരിക്കേറ്റ എൽസിയെ ആദ്യം പ്ലാന്റേഷൻ ആശുപത്രിയിലും പിന്നീട് അങ്കമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.