koonammavu-shop-
വില്പനക്കാരനില്ലാത്ത പച്ചക്കറിക്കട

പറവൂർ: കൂനമ്മാവിലെ സെന്റ് ജോസഫ് ബോയിസ് ഹോമിന് സമീപത്തൊരു പച്ചക്കറിക്കടയുണ്ട്. എന്നാൽ ഇവിടെ വില്പനക്കാരനില്ല. ആവശ്യക്കാർക്ക് പച്ചക്കറികൾ ത്രാസിൽ തൂക്കിയെടുക്കാം. കൈയ്യിൽ പൈസയുണ്ടെങ്കിൽ പെട്ടിയിലിടാം. ഈ കച്ചവട രീതി തുടങ്ങിയട്ട് എഴുപത്തിയഞ്ചാം ദിവസം പിന്നിടുകയാണ്. വില്പനക്കാരും വാങ്ങുന്നവരും ഹാപ്പിയാണ്. സെന്റ് ജോസഫ് ബോയ്സ് ഹോമിലെ മുപ്പതോളം വരുന്ന കുട്ടികൾ നാല് ഏക്കർ വരുന്ന സ്ഥലത്ത് ഉണ്ടാകുന്ന പച്ചക്കറിയാണ് ഇവിടെ വില്പന നടത്തുന്നത്. സർക്കാരിന്റെ വിവിധ പദ്ധതിയിലൂടെ കൃഷി വ്യാപിപ്പിച്ചതോടെ ബോയ്സ് ഹോമിലേക്ക് ആവശ്യമായതിലും അധികം പച്ചക്കറി വിളവുണ്ടായി. എന്നാൽ വിലനിശ്ചയിച്ച് വില്പന നടത്തേണ്ടെന്ന കുട്ടികളുടെ ആശയമാണ് വില്പനക്കാരനില്ലാത്ത കട എന്നതിലെത്തിയത്. എല്ലാവിധ പച്ചക്കറിയും ഇവിടെയുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും നൂറ് കിലോഗ്രാമിനടുത്ത് പച്ചക്കറിയാണ് ഇവിടെ വില്പനക്ക് വെയ്ക്കുന്നത്. അതിരാവിലെ തന്നെ തോട്ടത്തിൽ നിന്നും പച്ചക്കറി പറിച്ചെടുത്ത് കടയിൽ വെയ്ക്കും. മണിക്കൂറിനുള്ള എല്ലാ വിറ്റുപോകും. പൈസപ്പെട്ടിയിൽ തരക്കേണ്ടില്ലാത്ത തുക കിട്ടുന്നുണ്ട്. എത്രയെന്ന് ഇവർ പുറത്തുപറയില്ല. പണമില്ലാത്തവർക്ക് പച്ചക്കറി കിട്ടാതെപോകരുത് എന്നതാണ് ബോയ്സ് ഹോമിലെ കുട്ടികളുടെ ഉദേശ്യം. പതിനഞ്ച് പശുക്കളെയും വളർത്തുന്നുണ്ട്. അമ്പതോളം വീടുകളിൽ പാൽ കൊടുക്കുന്നുണ്ട് ഇവിടെ നിന്നും. ബോയ്സ് ഹോം മാനേജുമെന്റ് പത്ത് ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് പൊക്കാളി കൃഷിക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബോയിസ് ഹോം ഡയറക്ടർ ഫാ. സംഗീത് ജോസഫിന്റെ നേതൃത്വത്തിലാണ് കൃഷിയും മറ്റുപ്രവർത്തനങ്ങളും നടക്കുന്നത്.