കൊച്ചി: രാജേന്ദ്രമൈതാനത്ത് നാലുകോടി രൂപ ചെലവഴിച്ച് ജി.സി.ഡി.എ നടപ്പാക്കിയ ലേസർഷോ പദ്ധതിയിൽ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി മുൻ ചെയർമാൻ എൻ. വേണുഗോപാൽ, ഉദ്യോഗസ്ഥർ, ലേസർഷോ പദ്ധതിയുടെ കരാറുകാർ എന്നിവരുടെ മൊഴിയെടുക്കുമെന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ( വി.എ.സി.ബി ) എറണാകുളം യൂണിറ്റ് മൂവാറ്റുപുഴ വിജിൻലസ് കോടതിയിൽ കഴിഞ്ഞമാസം റിപ്പോർട്ട് നൽകി. കൊവിഡ് സാഹചര്യം അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും കേസ് വേഗത്തിൽ പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു. രാഷ്‌ട്രീയ സമ്മേളനങ്ങളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും വേദിയായിരുന്ന രാജേന്ദ്രമൈതാനം ലേസർഷോ വേദിയാക്കി മാറ്റാൻ മുൻ ഭരണസമിതിയാണ് തീരുമാനമെടുത്തത്. ജി.സി.ഡി.എയുടെ തനത് ഫണ്ടിൽനിന്നുള്ള തുക പദ്ധതിക്കായി ചെലവഴിച്ചു. ബംഗളരു കേന്ദ്രമായി പ്രവർത്തിക്കുന്ന ലേസർടെക് എന്ന കമ്പനിയെ ചുമതലയും ഏല്പിച്ചു. എന്നാൽ വൻ സാമ്പത്തിക ബാദ്ധ്യതയായതോടെ ഒന്നരവർഷത്തിനുള്ളിൽ പ്രദർശനം പൂട്ടിക്കെട്ടി.
ലേസർഷോ നാൾവഴി
തുടക്കം 2014 സെപ്തംബറിൽ
കരാർ കാലാവധി അഞ്ചുവർഷം
ചെലവ് 4 കോടി
പ്രതീക്ഷിച്ച വരുമാനം : നിത്യേന അരലക്ഷം
ദൈനംദിന പ്രവർത്തന ചെലവ് : 3000 രൂപ
പരസ്പരം പഴിചാരി
''ലേസർ പ്രദർശനത്തിന്റെ ആദ്യവർഷം 28 ലക്ഷം രൂപ വരുമാനം ലഭിച്ചുവെന്നും എന്നാൽ തുടർന്നുവന്ന എൽ.ഡി.എഫ് ഭരണസമിതിയുടെ നിസഹകരണമാണ് പദ്ധതി പരാജയപ്പെടാൻ കാരണമെന്നുമാണ് എൻ. വേണുഗോപാലിന്റെ വാദം. അതേസമയം ലേസർ ഉപകരണത്തിന് കേടുവന്നതിനാലാണ് പ്രദർശനം അവസാനിപ്പിച്ചതെന്നും പ്രവർത്തനച്ചെലവുപോലും കിട്ടാത്ത അവസ്ഥയായെന്നും ജി.സി.ഡി.എ അധികൃതർ പറഞ്ഞു. 2014 മുതൽ തുടർച്ചയായ മൂന്നുവർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലും പദ്ധതിയിലെ ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയിരുന്നു
കേസ് അട്ടിമറിക്കാൻ ശ്രമം
അഴിമതി നടന്നുവെന്ന് വ്യക്തമായിട്ടും പ്രതികൾക്കെതിരെ എഫ്.ഐ.ആർ ഇട്ടില്ല. പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കേസ് നടപടികളുമായി മുന്നോട്ടുനീങ്ങും
ചെഷയർ ടാർസൺ,
പരാതിക്കാരൻ.